തിരുവനന്തപുരം: കെട്ടിടനിർമ്മാണ, ഒക്കുപെൻസി അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതിന്‌ പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിരീക്ഷണ സമിതി രൂപീകരിച്ച് ഉത്തരവായി. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ വിവിധ പഞ്ചായത്തുകളിൽ അപേക്ഷകൾ കെട്ടികിടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഉത്തരവ് ഇറങ്ങുന്നത് സംബന്ധിച്ച്‌ 28ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പഞ്ചായത്ത് അഡിഷണൽ ഡയറക്ടറാണ് സമിതി അദ്ധ്യക്ഷൻ. ഡയറക്ടറേറ്റിലെ സി സെക്ഷനിലുള്ള സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ എന്നിവരാണ് അംഗങ്ങൾ. എല്ലാമാസവും സമിതി യോഗം ചേർന്ന് ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.

അപേക്ഷകൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഏതെങ്കിലും അപേക്ഷകൾ നിരസിച്ചാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രതിരോധം തീർക്കുക എന്നിവയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

നിർദ്ദേശങ്ങൾ

 സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ എല്ലാ മാസവും ലഭിക്കുന്ന അപേക്ഷകളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷണ സമിതിക്ക് ലഭ്യമാക്കണം.

ഒന്നു മുതൽ 15 വരെയുള്ളത് 16നും 16 മുതൽ 31 വരെയുള്ള വിവരങ്ങൾ അടുത്തമാസം ഒന്നിനും നൽകണം.

 ഇമെയിലിലൂടെ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരാണ് സമിതിക്ക് അയയ്‌ക്കേണ്ടത്.

അനുമതി നൽകാൻ കഴിയാത്ത അപേക്ഷകളുണ്ടെങ്കിൽ കാരണം ഉടമസ്ഥനെയും സമിതിയെയും ബോധിപ്പിക്കണം.

പഞ്ചായത്ത് ഡയറക്ടർ തലത്തിൽ തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം അപേക്ഷകൾ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കൈമാറും.