ksrtc

നെയ്യാ​റ്റിൻകര: ദൈനംദിന കളക്ഷന്റെ കാര്യത്തിൽ മറ്റു ഡിപ്പോകളെ അപേക്ഷിച്ച് മുന്നിലാണ് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോ. ജീവനക്കാരുടെ ഒത്തൊരുമയും കൃത്യമായ ഡ്യൂട്ടിയുമാണ് ഇതിനു കാരണം. അതേസമയം ഡിപ്പോ തുടങ്ങിയ കാലത്തെ സൗകര്യംപോലും ഇപ്പോഴില്ല. ബസ് കാത്ത് നിൽക്കുന്നവർക്ക് കാലുകുഴഞ്ഞാൽ ഇരിക്കാനുള്ളത് പഴകിയ അറപ്പ് തോന്നുന്ന കോൺക്രീറ്റ് ബെഞ്ചുകളാണ് ഉള്ളത്. പുതിയ ബസ് ടെർമിനലിൽ സ്റ്റീൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പൂവാറിലേക്കും കാട്ടാക്കടയിലേക്കും ബസ് കാത്തുനിൽക്കുന്നവർക്കുള്ള ഇരിപ്പിടം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടോയ്ലെറ്റിൽ പോകാമെന്നുവച്ചാൽ അവിടെയും നരകമാണ്. യാത്രക്കാർക്ക് വിശന്നാൽ ഏക ആശ്രയം നെയ്യാറ്റിൻകര ഡിപ്പോ സ്ഥാപിച്ച കാലത്തുള്ള കാന്റീനായിരുന്നു. ഇപ്പോൾ അതും നിലച്ചു. ഇതുകാരണം വലയുന്നത് ദൂരെസ്ഥലങ്ങളിൽ നിന്നു വന്ന് ജോലിചെയ്യുന്നവരാണ്. ഡിപ്പോയിലേക്ക് വരാനും പോകാനും പ്രത്യേകം ഗേറ്റുകൾ ഉണ്ടെങ്കിലും രണ്ട് ഭാഗവും ടാറിളകി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ കുഴിയിലൂടെ രണ്ട് പ്രാവശ്യം പോയാൽ ബസ് ഷെഡിൽ കയറ്റേണ്ട അവസ്ഥയാണ്.

യാത്രക്കാരുടെ സ്ഥിതി ഇതാണെങ്കിൽ ജീവനക്കാരുടെ കാര്യമാണ് കഷ്ടം. ഓപ്പറേറ്റിംഗ് ജീവനക്കാരുടെ കാര്യമാണ് ദയനീയം. ഇവർക്ക് വിശ്രമിക്കാൻ മുറിയുണ്ടെങ്കിലും ഇവിടെ ഒരു ടോയ്ലെറ്റു പോലുമില്ല. ഇവിടുള്ള കാഷ് കൗണ്ടറിലെ ഇലക്ട്രിക് സംവിധാനം കേടായിട്ട് നാളേറെയായി. പുതിയ ബസുകൾ ഡിപ്പോ മാനേജ്മെന്റ് വാങ്ങാറുണ്ടെങ്കിലും നെയ്യാറ്റിൻകര ഡിപ്പോയിൽ പുതിയ ബസ് നൽകാറില്ലെന്ന് ജീവനക്കാർ പറയുന്നു. ബസുകൾക്ക് ഡീസൽ നിറയ്ക്കാനായി പ്രത്യേക പമ്പ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അതിന് മേൽക്കൂരയുമില്ല.

കെ.എസ്.ആർ.ടി ബസുകൾ റീകണ്ടീഷൻ ചെയ്യുന്നതിന് നെയ്യാ​റ്റിൻകര ഡിപ്പോയിലേക്ക് നൽകിയത് ഉപയോഗശൂന്യമായ പഴയ തരം ബോൾട്ടുകൾ. ഇതിനെതിരെ ജീവനക്കാർ ബഹളം വച്ചെങ്കിലും മിണ്ടരുതെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. പഴയ മോഡൽ ബെൻസ് ബസുകൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന 10 ലീഫ് ബോൾട്ടുകളാണ് സെൻട്രൽ ഡിപ്പോയിൽ നിന്നു അയച്ചിട്ടുള്ളത്. നെയ്യാ​റ്റിൻകര ഡിപ്പോയിൽ ഇപ്പോഴുള്ള പുതിയ മോഡൽ ബസുകൾക്കാകട്ടെ 13 മുതൽ 14 വരെ സ്പ്രിംഗ് ലീഫ് വേണം. ഉപയോഗശൂന്യമായ ഇൗ ബോൾട്ടുകൾ തിരികെ എടുക്കണമെന്നു മെക്കാനിക്കുകൾ ആവശ്യപ്പെട്ടെങ്കിലും ബസുകളിൽ എവിടെയെങ്കിലും ഉപയോഗിക്കാമെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി.

ഈ ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടായത്. ഉപയോഗ ശൂന്യമായ ടൂളുകൾ നൽകി അധിക ചെലവ് ഉണ്ടാക്കിയതിനെതിരെ അന്വേഷണം വേണമെന്നാണ് നെയ്യാറ്റിൻകര ജീവനക്കാരുടെ ആവശ്യം. എന്നാൽ നെയ്യാറ്റിൻകര ഡിപ്പോയിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് അറിയിച്ച് കേരള സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നെയ്യാറ്റിൻകര യൂണിറ്റ് ഭാരവാഹികൾ ട്രാൻസ്പോർട്ട് മാനേജിംഗ് ഡയറക്ടർക്ക് നിവേദനം നൽകി.