നേമം: പള്ളിച്ചലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു. പള്ളിച്ചൽ പുന്നമൂട് റോഡ് ട്വിങ്കിൾ ഹൗസിൽ ജി.കെ. സുനിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. തിരുവനന്തപുരം ഏജീസ് ഒാഫീസിലെ ജീവനക്കാരനായ സുനിൽ കണ്ണമ്മൂലയിലുള്ള വീട്ടിലായിരുന്നു താമസം. ഇയാൾ ചൊവ്വാഴ്ച പുന്നമൂട് റോഡിലെ വീട് സന്ദർശിച്ച് മടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയിന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ ആഭരണങ്ങൾ കവരുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ചെത്തിയ നായ സമീപത്തെ വീടു വരെ എത്തി നിലയുറപ്പിച്ചു. പ്രതിയെക്കുറിച്ചുള്ള ഏകദേശ രൂപവും ഇയാളുടേതെന്ന് സംശയിക്കുന്ന വിരലടയാളവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.