നേമം: കരമനയിൽ ക്ഷേത്രത്തിലും സ്കൂളുകളിലും കവർച്ചാ ശ്രമം. കരമനയിലെ കാഞ്ചീപുരം മാടൻ ക്ഷേത്രത്തിലെ ഒാഫീസ് റൂമിലെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നെങ്കിലും യാതൊന്നും അപഹരിച്ചിട്ടില്ല. എന്നാൽ ക്ഷേത്രത്തോട് ചേർന്നുള്ള കാണിക്ക വഞ്ചി തകർത്ത നിലയിലായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഇതിലെ കളക്‌ഷൻ എടുത്തിരുന്നു. കുറച്ച് നാണയങ്ങൾ ലഭിച്ചത് മോഷ്ടാവ് പേപ്പറിൽ പൊതിഞ്ഞു വച്ച നിലയിലായിരുന്നു. ഇതും എടുക്കാൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചയോ ആകാം മോഷണ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരും വിശ്വാസികളുമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ വിവരമറിയിച്ചതനുസരിച്ച് കരമന പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഇത് കൂടാതെ കാഞ്ചീപുരം മാടൻ ക്ഷേത്രത്തിന് സമീപത്തുള്ള ഗേൾസ് എച്ച്.എസ്.എസിലും ബോയ്സ് എച്ച്.എസ്.എസിൽ നടന്ന മോഷണ ശ്രമത്തിൽ ക്ലാസ് റൂമുകളുടെ പൂട്ടുകൾ തകർത്ത നിലയിലായിരുന്നു. ഇവിടെ കമ്പ്യൂട്ടർ റൂമിലും ടീച്ചേഴ്സ് റൂമിലുമാണ് മോഷ്ടാവ് കടന്നത്. ഇവിടെ നിന്ന് യാതൊന്നും കവർന്നിട്ടില്ല. എന്നാൽ സ്കൂളുകളിൽ നിന്നു ലഭിച്ച സി.സി ടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് തലയിൽ തോർത്തു കൊണ്ട് മൂടിയ നിലയിലായിരുന്നു. സി.സി ടിവി ദൃശ്യത്തിൽ ശനിയാഴ്ച രാത്രി 11.35 ആണ് സമയം വ്യക്തമാക്കുന്നത്. സ്കൂളിൽ പണി നടക്കുന്നതിനാൽ തൊഴിലാളികൾ പണിക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ ഉപയോഗിച്ചാണ് ക്ഷേത്രത്തിലും സ്കൂളുകളിലും പൂട്ട് തകർത്തതെന്നാണ് പൊലീസ് നിഗമനം. അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.