നെടുമങ്ങാട്: പേരുമലയിൽ വത്സലയുടെ വീട്ടുമുറ്റത്തെ കുഴിമാടത്തിൽ, ഈ അമ്മൂമ്മയുടെയും വലിയമ്മയുടെയും കണ്ണീരുണങ്ങുന്നില്ല. ഈ മുറ്റത്തേക്ക് ഇനി മീര വരില്ല. ഇന്നലെ പള്ളിയിലെ ഞായറാഴ്‌ച കുർബാനയ്ക്കു പോകാൻ അവളുണ്ടായിരുന്നില്ല. അമ്മ മഞ്ജുഷയ്‌ക്ക് പൊതിച്ചോറുമായി അവളിനി കൈവീശി മടങ്ങുകയുമില്ല.

അവിഹിതത്തെ എതിർത്തതിന് സ്വന്തം അമ്മ മഞ്ജുഷയും കാമുകൻ അജീഷും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്ന് കിണറ്റിൽ തള്ളിയ പതിനാറുകാരി മീര മഞ്ച പേരുമലയുടെ മുഴുവൻ നൊമ്പരമാണ് ഇനി. അവളെക്കുറിച്ചുള്ള ഓർമ്മകളിൽ വിങ്ങുന്ന വത്സലയെയും, മൂത്തമകൾ സിന്ധുവിനെയും ആശ്വസിപ്പിക്കാനാകാതെ വീർപ്പുമുട്ടുകയാണ് അയൽവാസികൾ. കാമുകനൊപ്പം ചേർന്ന് മകളെ കൊലപ്പെടുത്തിയ മഞ്ജുഷയുടെ അമ്മയാണ് വത്സല. സിന്ധു, മഞ്ജുഷയുടെ മൂത്ത സഹോദരിയും.

ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനും മറ്റ് അവധി ദിവസങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും പേരുമലയിലെ കുടുംബവീട്ടിലേക്ക് മീര മുടങ്ങാതെ വരുമായിരുന്നു. തിരിച്ചുപോകാൻ നേരം അമ്മയ്ക്കായി പൊതിച്ചോറു കെട്ടുമ്പോൾ മീര പറയും: 'അമ്മ എനിക്കു വേണ്ടിയും ഞാൻ അമ്മയ്‌ക്കു വേണ്ടിയുമാണ് ജീവിക്കുന്നത്.'

മീര കൊല്ലപ്പെടുന്നതിനു തലേന്ന്, ജൂൺ പത്ത് തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നതുകൊണ്ട് പള്ളിയിൽ പോകാൻ മീര വന്നില്ല. പകരം പിറ്റേന്ന് വന്നു. അന്നും പതിവു പോലെ വിശേഷങ്ങളൊക്കെ പറഞ്ഞ്, അമ്മൂമ്മയ്‌ക്കും വലിയമ്മയ്ക്കുമൊപ്പമിരുന്ന് സന്തോഷത്തോടെ ആഹാരം കഴിച്ച്, വൈകിട്ട് മൂന്നു മണിയോടെയാണ് അവൾ അമ്മയുടെ അടുത്തേക്കു മടങ്ങിയത്. സ്വന്തം അമ്മയും കാമുകനും ചേർന്നൊരുക്കിയ മരണക്കുരുക്കിലേക്കാണ് ആ മടക്കയാത്രയെന്ന് അവളെങ്ങനെ അറിയാൻ?

അമ്മയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. അനീഷുമായുള്ള ബന്ധത്തെച്ചൊല്ലി മകളും അമ്മയും പലപ്പോഴും വഴക്കിട്ടു. മഞ്ജുഷയുടെ ആദ്യഭർത്താവിലെ മകളാണ് മീര. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ കാരാന്തല സ്വദേശിയുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം നടന്നു. അതുമൊഴിഞ്ഞപ്പോഴാണ് തന്നെക്കാൾ അഞ്ചു വയസ് കുറവുള്ള അനീഷുമായി മഞ്ജുഷ അടുത്തത്. വാടകവീടെടുത്ത് മഞ്ജുഷയെയും മീരയെയും അനീഷ് അവിടേക്കു മാറ്റി. മുതിർന്ന മകൾ ഒരുമിച്ചുള്ളത് അനീഷുമൊത്തുള്ള സ്വകാര്യ ജീവിതത്തിന് തടസമായി മഞ്ജുഷയ്ക്ക് തോന്നിത്തുടങ്ങിയതോടെ ആ ക്രൂരപദ്ധതി ഒരുങ്ങി.

അമ്മൂമ്മയെക്കണ്ട്, അമ്മയ്‌ക്ക് പൊതിച്ചോറുമായി തിരിച്ചെത്തിയ മീരയുമായി രാത്രി വഴക്കിട്ട മഞ്ജുഷ അവളെ കിടക്കയിലേക്കു തള്ളിയിട്ട്, കാമുകന്റെ സഹായത്തോടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു. പിന്നെ, മകളുടെ ജീവനറ്റ ശരീരം അജീഷിന്റെ ബൈക്കിലിരുത്തി കാമുകന്റെ വീടിനടുത്തെ കിണറ്റിൽ തള്ളി. മൂന്നാഴ്ചയോളം കഴിഞ്ഞ് സത്യം പുറത്തുവന്ന ശനിയാഴ്ച മീരയുടെ കൊലപാതക വാർത്ത പേരുമല ഗ്രാമം കേട്ടത് ഞെട്ടലോടെയായിരുന്നു. വത്സലയുടെയും സിന്ധുവിന്റെയും കണ്ണീരിൽ കുതിർന്ന മീരയുടെ കുഴിമാടമേ ഇനി ബാക്കിയുള്ളൂ.