വർക്കല: ബ്രിട്ടീഷുകാരുടെ കാലത്ത് വർക്കല തൊടുവെയിൽ നിർമ്മിച്ച പാലം ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലായി. ടി.എസ് കനാലിന് കുറുകെ 1804ൽ നിർമ്മിച്ചതാണ് ഈ പാലം. നടയറയെയും തൊടുവെയെയും ശിവഗിരിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികൾ പലയിടത്തും ദ്രവിച്ച് കോൺക്രീറ്റ് പാളികൾ പൊട്ടിയടർന്നു വീഴുകയാണ്. കനാൽ പുറമ്പോക്ക് നിവാസികൾ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് കാൽനട യാത്രക്കാരാണ് ഈ ദുർഘടം പിടിച്ച പാലത്തിലൂടെ സഞ്ചരിക്കുന്നത്. കോളനി മേഖല കൂടിയായതിനാൽ ഇവിടത്തെ കുടുംബങ്ങളിലെ കൊച്ചുകുട്ടികളും ഈ പാലത്തിലൂടെയാണ് അംഗൻവാടികളിലും മറ്റും പോകുന്നത്. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് കാൽനടയായി എളുപ്പത്തിൽ ശിവഗിരി, ശ്രീനാരായണ ഗുരുകുലം, ബ്ലൈൻഡ് സ്കൂൾ, മന്നാനിയ കോളേജ്, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്താനും ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്.
പാലത്തിന് ബലക്ഷയമുണ്ടെന്ന് വിദഗ്ദ്ധരും പറയുന്നു. എന്നാൽ ടി.എസ് കനാൽ നവീകരണം നടത്തുന്ന അവസരത്തിൽ പാലം പുനർ നിർമ്മിക്കുമെന്നായിരുന്നു ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും നൽകിയ ഉറപ്പ്. എന്നാൽ ടി.എസ് കനാൽ നവീകരണം അനന്തമായി നീളുകയാണ്. ടി.എസ് കനാലിന്റെ ഒത്ത മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന നൂറ്രാണ്ടുകൾ പഴക്കമുള്ള ഈ പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും വിവിധ സംഘടനകളും നൽകിയ പരാതിക്ക് മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ല. പാലത്തിന്റെ ഇരുകരകളിലും റോഡുകൾ ഉണ്ടെങ്കിലും പാലവുമായി കൂട്ടിയോജിപ്പിക്കാൻ നടപടി ഉണ്ടാകുന്നില്ല.