photo

നെടുമങ്ങാട്: നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആനാട്-പനവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനാട്- ശക്തിപുരം റോഡ് നിർമ്മിച്ചത്. എന്നാൽ ബില്ല് മാറും മുൻപ് മഴയിൽ പുതിയ റോഡ് ഒലിച്ചുപോയി. ഇതോടെ റോഡ് നിർമ്മാണത്തിലെ തട്ടിപ്പ് വെളിച്ചത്തായി. മോഹൻദാസ് എൻജിനിയറിംഗ് കോളേജ്, ആനാട് ഗവ. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ആയൂർവേദ ആശുപത്രിയിലെത്തുന്ന രോഗികളും ജീവനക്കാരും തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളും നാട്ടുകാരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡ് തകർന്നതോടെ ഇവരുടെ യാത്ര ദുരിതപൂർണമാണ്. ചുരുക്കിപ്പറഞ്ഞാൽ 67 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച റോഡ് 21ാം ദിവസം ഒലിച്ചുപോയി.

 പാകപ്പിഴയിൽ നിർമ്മാണം

നിരന്തര പരാതികൾക്കൊടുവിലാണ് ജില്ലാപഞ്ചായത്ത് 67 ലക്ഷം രൂപ അനുവദിച്ചത്. ആനാട് മുതൽ ചന്ദ്രമംഗലം വരെയുള്ള ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 50ലക്ഷം അനുവദിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും ഈ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ടുവന്നില്ല. പിന്നീട് വന്ന കരാറുകാരനാകട്ടെ സമയബന്ധിതമായി നിർമ്മാണം ആരംഭിക്കാനും കഴിഞ്ഞില്ല. ജില്ലാപഞ്ചായത്തിന്റെ ശക്തമായ ഇടപെടലിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്.

 ആദ്യഘട്ട നിർമ്മാണം ...........ആനാട് - ചന്ദ്രമംഗലം വരെ

ആദ്യഘട്ടത്തിന് ............ അനുവദിച്ചത് 50 ലക്ഷം

 ആനാട് - ശക്തിപുരം റോഡ് നിർമ്മിക്കാൻ അനുവദിച്ചത്.......... 67 ലക്ഷം

 റോഡ് തകർന്നത്

ആട്ടുകാൽ, വട്ടറക്കുഴി, കരിക്കുഴി

 പ്രതിഷേധവുമായി നാട്ടുകാർ

റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ജോലിയിലെ അപാകതകൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അത് പരിഹരിക്കാൻ കരാറുകാരനും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരും തയാറായില്ലെന്നാണ് പരാതി. ആനാട്, ശക്തിപുരം റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ ഉന്നതധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. വളരെ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട മെഷർമെന്റ് എടുക്കുകയോ, ബില്ല് എഴുതുകയോ ചെയ്യാവു എന്ന് പൊതുമരാമത്ത് അധികാരികളോട് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എൻജിനിയർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നാട്ടുകാർ പരാതി നല്കിയിട്ടുണ്ട്. സ്ഥലവാസികൾ സമര പരിപാടികളുമായി രംഗത്തുണ്ട്.

പ്രതികരണം

-------------------

റോഡ് പണിയിലെ അപാകതകൾ തുടക്കം മുതലേ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലം കണ്ടില്ല. എൽ.എസ്.ജി.ഡി. എൻജിനിയറിംഗ് വിഭാഗവും തികഞ്ഞ അനാസ്ഥയാണ് പുലർത്തിയത്. ടാർ ചെയ്ത ഭാഗങ്ങൾ രണ്ടു ദിവത്തിനുള്ളിൽ തന്നെ ഇളകിപ്പോവുകയാണുണ്ടായത്. ഉന്നത അധികാരികൾ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം.

--ആനാട് ജയൻ, ജില്ലാ പഞ്ചായത്തംഗം.