തിരുവനന്തപുരം: നഗരപിതാവിന്റെ നേതൃത്വത്തിലടക്കം പ്രത്യേക സ്‌ക്വാഡ് ഇറങ്ങി വൃത്തിയാക്കിയിട്ടും രക്ഷയില്ലാത്ത ആമയിഴഞ്ചാൻ തോടിനെ കരകയറ്റാൻ പുത്തൻ തന്ത്രവുമായി നഗരസഭാ അധികൃതർ. തോട്ടിലൂടെ ഒഴുകി നടക്കുന്ന മാലിന്യം തടഞ്ഞുനിറുത്താൻ തോട്ടിൽ പലയിടങ്ങളിലായി ഗേറ്റ് സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. ഗേറ്റിൽ തടയുന്ന മാലിന്യം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. നഗരഹൃദയത്തിൽ രണ്ട് കിലോമീറ്റർ പരിധിയിൽ പലയിടങ്ങളിലായി ഗേറ്റുകൾ സ്ഥാപിക്കും. കഴിഞ്ഞ രണ്ട് മാസമായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ തകൃതിയായി നടക്കുകയാണ്. സമീപവാസികൾ മേയർക്ക് പരാതി നൽകിയതിനെത്തുടർന്ന് നഗരസഭ 50 ലക്ഷം രൂപ അനുവദിക്കുകയും കഴിഞ്ഞ ഏപ്രിൽ മുതൽ മുസ്ലിം പള്ളി റോഡിന് സമീപത്ത് നിന്ന് വൃത്തിയാക്കൽ ആരംഭിക്കുകയുമായിരുന്നു. അടുക്കുകളായി അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ രണ്ട് പേർ ചേർന്ന് ഇളക്കി വിടുകയും തുടർന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു എടുത്ത് മാറ്റുകയുമാണിപ്പോൾ. ഇരുവശങ്ങളിലും അടുത്തടുത്തായി കെട്ടിടങ്ങളും വീടുകളുമുള്ളതിനാൽ മാലിന്യക്കെട്ടുകൾ മണ്ണുമാന്തി യന്ത്രത്തിന് എത്താവുന്നയിടം വരെ തള്ളിക്കൊണ്ട് പോകണം. ഈ ജോലി ഏറെ പ്രയാസകരമാണ്. ഇതിനെല്ലാം പരിഹാരമായാണ് ഗേറ്റിടാൻ തീരുമാനിച്ചത്.
സാനിറ്ററി പാഡും ഡൈപ്പറും നിർമ്മാർജനം ചെയ്യാൻ ഇൻസിനറേറ്റർ
ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് നീക്കം ചെയ്‌ത മാലിന്യത്തിൽ നല്ലൊരു ശതമാനവും ഉപയോഗിച്ച് ഉപേക്ഷിച്ച സാനിറ്ററി പാഡും ഡൈപ്പറുകളുമായിരുന്നു. ഇവ സംസ്കരിക്കുക എന്നത് തലസ്ഥാനവാസികളുടെ തലവേദനയായി മാറിയതിനാൽ പ്രശ്നപരിഹാരത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇൻസിനറേറ്റർ
നഗരസഭ വകയിരുത്തിയിരിക്കുന്നത്: 1.5 കോടി
വില 3 ലക്ഷം
ഒരു ഇൻസിനറേറ്ററിന് ഒരു സമയം ശരാശരി 100 സാനിറ്ററി പാഡുകൾ നിർമ്മാർജനം ചെയ്യും.
കലാലയങ്ങൾ, സ്കൂളുകൾ, പ്രധാന ജംഗ്ഷനുകൾ, റിസോഴ്സ് റിക്കവറി സെന്ററുകൾ തുടങ്ങിയ ഇടങ്ങളിലാണ് വൈദ്യുതി അല്ലെങ്കിൽ ഗ്യാസിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്റർ സ്ഥാപിക്കുക. മണക്കാട്, വട്ടിയൂർക്കാവ്, മെഡിക്കൽകോളേജ്, ചാല, കല്ലടിമുഖം എന്നിവിടങ്ങളിലെ റിസോഴ്സ് റിക്കവറി സെന്ററുകളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കുക.
ആദ്യ ഘട്ട ഗേറ്റിടൽ ഇവിടെ
പനവിള
ഹൗസിംഗ് ബോർഡ് ജംഗ്ഷൻ
തമ്പാനൂർ കെ.എസ്.ആർ.ടി.സി ഗാരേജ്
ഇതുവരെ നീക്കം ചെയ്തത്: 150 ലോഡ് മാലിന്യം