post

കാട്ടാക്കട: കാട്ടാക്കടയിലെ യൂണിയൻ തർക്കം കാരണം വൈദ്യുത വകുപ്പ് ലേലം ചെയ്ത ഇലക്ട്രിക് പോസ്റ്റുകൾ പെരുവഴിയിൽ. ഇതോടെ ഇടുങ്ങിയ കഞ്ചിയൂർക്കോണം റോഡിൽ ഗതാഗത തടസ്സവും രൂക്ഷമാണ്. കാട്ടാക്കട കാഞ്ചിയൂർകോണം റോഡിൽ കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്തായാണ് കാൽനടയാത്രക്കാർക്ക് ഉൾപ്പടെ തടസം സൃഷ്ടിച്ച് കാലഹരണപ്പെട്ട് പഴയ തേക്ക് ഇലക്ട്രിക് പോസ്റ്റുകൾ കൂട്ടി ഇട്ടിരിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് കെ.എസ്.ഇ.ബി ഇത്തരത്തിലുള്ള പോസ്റ്റുകൾ ലേലം ചെയ്തതാണ്. തടി നീക്കം ചെയ്യാനായി കരാറുകാർ എത്തിയെങ്കിലും യൂണിയൻ തൊഴിലാളികൾ അമിതമായ കൂലി ആവശ്യപ്പെട്ടു. 4500 രൂപവരെ കരാറുകാർ നൽകാൻ കൂട്ടാക്കിയിട്ടും തൊഴിലാളികൾ വഴങ്ങിയില്ല. തുടർന്ന് തർക്കമായതോടെയാണ് തടി നീക്കം ചെയ്യാനാകാതെ കരാറുകാർ മടങ്ങി. എന്നാൽ തടി നീക്കം ചെയ്യുന്നതിന് മൂവായിരത്തിൽ താഴെ മാത്രമേ ആവശ്യമുള്ളൂ എന്നാണ് കരാറുകാർ പറയുന്നത്. അതേസമയം തിരക്കേറിയ റോഡിൽ പൊതു ജനത്തിന് തടസ്സമായുള്ള തടികൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.