വിഴിഞ്ഞം: കല്യാണ പാർട്ടിക്കിടെ ഗ്യാസ് ചോർന്ന് പന്തലിന് തീപിടിച്ചു. ആളപായമില്ല. മുട്ടയ്ക്കാട് കോളിയൂർ തോട്ടിൻ കരവീട്ടിൽ മഹേഷ് കുമാറിന്റെ വീട്ടിലാണ് അപകടം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം നടന്നത്. കല്യാണ പാർട്ടിക്കായി ആഹാരം പാചകം ചെയ്യുന്ന ഗ്യാസ് അടുപ്പിലുണ്ടായ ചോർച്ചയെ തുടർന്നാണ് തീപിടിച്ചത്. കല്യാണ പാർട്ടിക്കായി ഒരുക്കിയിരുന്ന ഷാമിയാന പന്തലിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. പന്തലിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ ആർക്കും അപകടമുണ്ടായില്ല.

വിഴിഞ്ഞത്തുന്നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. എങ്ങനെയാണ് അടുപ്പിൽ ചോർച്ചയുണ്ടായതെന്ന് ഫയർഫോഴ്സിനും കണ്ടെത്താനായില്ല.

ലീഡിംഗ് ഫയർമാൻ ഷാജിയുടെ നേതൃത്വത്തിൽ ടോണി ബർണാർഡ്, സഞ്ചു, രാജീവ്, രതീഷ്, ഹോംഗാർഡ് ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.