ksrtc

തിരുവനന്തപുരം: സുപ്രീംകോടതി നി‌ർദ്ദേശിച്ച കാലാവധി കഴിഞ്ഞതോടെ 2107 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സിയിൽ വിവിധ ജില്ലകളിലായി ഇന്നലെ മുടങ്ങിയത് 606 സർവീസുകൾ. ഞായറാഴ്ചകളിൽ പൊതുവെയുള്ള സർവീസ് വെട്ടിക്കുറയ്ക്കലിനു പുറമേ വേണ്ടത്ര ഡ്രൈവർമാർ ഇല്ലാത്തതു കാരണം ഇത്രയും സർവീസുകൾ മുടങ്ങുക കൂടി ചെയ്തതോടെ യാത്രക്കാർ ദുരിതത്തിലായി.

കോടതി നിർദേശത്തെ തുടർന്ന് ശനിയാഴ്ച രാത്രി ഇറക്കിയ ഉത്തരവിലൂടെയാണ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത്. പകരം ക്രമീകരണമില്ലെങ്കിൽ ഏറ്റവും കൂടുതൽ ഡ്രൈവർമാർ പുറത്തായ തെക്കൻ മേഖലയിലാവും കൂടുതൽ ബുദ്ധിമുട്ട് നേരിടുക.

പ്രതിസന്ധി മറികടക്കാൻ സ്ഥിരം ഡ്രൈവർമാരെ അവധികൾ ഒഴിവാക്കി ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എം പാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിയോഗിക്കാൻ പി.എസ്.സി ലിസ്റ്റിലുള്ളവർ ഉണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതാണ്. ഇതു ചൂണ്ടിക്കാട്ടി സ്ഥിരം നിയമനത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മാനേജ്മെന്റ് നീക്കം. ചട്ട പ്രകാരം 179 ദിവസത്തേയ്ക്ക് കരാർ നിയമനം നടത്താം. ഇതിന് നടപടി തുടങ്ങിയതായി കെ.എസ്.ആർ.ടി.സി പറയുന്നുണ്ടെങ്കിലും രണ്ടുമൂന്നു ദിവസത്തേക്ക് പ്രതിസന്ധി തുടരും.

താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോഴും കളക്ഷൻ വർദ്ധിപ്പിക്കാനെന്ന പേരിലും കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചതിലേറെയും ഗ്രാമീണ റൂട്ടിലെ സർവീസുകളാണ്. ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

 ശമ്പളം, അവധി

സ്ഥിരം ഡ്രൈവർമാർക്ക് സിംഗിൾ ഡ്യൂട്ടി ശമ്പളം: 800-1500 രൂപ

താൽക്കാലിക ഡ്രൈവർമാർക്ക് : 550 രൂപ

സ്ഥിരം ഡ്രൈവർക്ക് വർഷം 120-125 അവധി ദിവസം

ഈ ദിവസങ്ങളിൽ സർവീസ് മുടങ്ങാതിരിക്കാൻ താത്കാലികക്കാർ വേണം.

 സർവീസ് മുടക്കം ഇങ്ങനെ

തെക്കൻ മേഖല - 523

മദ്ധ്യമേഖല - 36

വടക്കൻ മേഖല - 47