jds

തിരുവനന്തപുരം: സി.കെ. നാണുവിനെ അദ്ധ്യക്ഷനായി നിയമിച്ചതിലൂടെ ജനതാദൾ- എസിലുണ്ടായത് താൽക്കാലിക വെടിനിറുത്തൽ. മന്ത്രിസ്ഥാനത്തെ ചൊല്ലി കൃഷ്ണൻകുട്ടി പക്ഷവും മാത്യു.ടി. തോമസ് പക്ഷവും തമ്മിൽ ഉടലെടുത്ത ശീതസമരം മുറുകുകയും, അത് പാർട്ടിക്കുള്ളിൽ വലിയ കലഹത്തോളമെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡ മാത്യു ടി. തോമസിനെ മാറ്റി കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ നിർദ്ദേശിച്ചത്.

പക്ഷേ, പിന്നീട് പുതിയ അദ്ധ്യക്ഷനെ ചൊല്ലിയും ഇരുചേരികളായി പാർട്ടിയിൽ മുറുമുറുപ്പുയർന്നു. ഒരു വിഭാഗം മാത്യു.ടി.തോമസിനായി നിലയുറപ്പിച്ചപ്പോൾ കൃഷ്ണൻകുട്ടി നാണുവിനെ അദ്ധ്യക്ഷനാക്കണമെന്ന നിലപാടെടുത്തു.

തനിക്ക് മൂന്നു മാസത്തേക്കെങ്കിലും പാർട്ടി അദ്ധ്യക്ഷ പദവിയിലിരിക്കണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ജൂൺ 15ന് ദേവഗൗഡ വിളിച്ചുചേർത്ത എം.എൽ.എമാരുടെ യോഗത്തിലും നാണു പ്രകടിപ്പിച്ചത്. മാത്യു.ടി.തോമസ് ഇതിനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ലെന്നാണ് വിവരം. മാത്യു.ടി.തോമസിനെ നേരത്തേ ഡാനിഷ് അലി വഹിച്ചിരുന്ന പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിജനറൽ സ്ഥാനത്തേക്ക് നാണു നിർദ്ദേശിച്ചെങ്കിലും മാത്യു.ടി അത് നിരസിച്ചു. പാർട്ടിയുടെ സുപ്രധാനസ്ഥാനത്തിരുന്ന് അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ അനുകൂലിച്ച് നിലപാടെടുക്കേണ്ടി വരുന്നത് വർഷങ്ങളായി ഇടതുചേരിയിലുള്ള തനിക്ക് നിയമസഭയിലടക്കം ബുദ്ധിമുട്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

നാണുവിന്റെ സ്ഥാനലബ്ധിയോടെ വടക്കൻമേഖലയ്ക്ക് പ്രാതിനിദ്ധ്യം കൂടിയെന്ന കാര്യം മാത്യു.ടി. തോമസ് ദേവഗൗഡയുമായുള്ള ചർച്ചയിൽ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. 2009 ൽ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർന്നപ്പോൾ ഒപ്പംനിന്നവരിൽ ഏറെയും എറണാകുളത്തിനു തെക്കുള്ളവരാണ്. അതു മാത്രമല്ല, പ്രധാനപദവികൾ ഒരേ സമുദായത്തിനു ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കൻമേഖലയിലുള്ള ഡോ. നീലലോഹിതദാസ് നാടാർ, ജോസ് തെറ്റയിൽ, ജോർജ് തോമസ് തുടങ്ങിയ നേതാക്കളെ വിശ്വാസത്തിലെടുത്തു വേണം ഭാവിതീരുമാനങ്ങളെടുക്കാനെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മുതിർന്ന നേതാവായ നീലലോഹിതദാസ് നാടാർക്ക് സംസ്ഥാന നേതൃത്വത്തിൽ മാന്യമായ പദവി നൽകുന്നതിനോട് മൂന്നു നേതാക്കളും യോജിച്ചു. അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയാണ്. മൂന്നു മാസം എന്ന നാണുവിന്റെ ആഗ്രഹം കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് എന്നു കരുതിയാൽ ഇപ്പോഴത്തേത് താൽക്കാലിക നീക്കുപോക്കെന്ന് വ്യാഖ്യാനിക്കാം. പാർട്ടിയിലെ ഒരു വിഭാഗം അങ്ങനെ കരുതുന്നുമുണ്ട്. എന്നാൽ ദേവഗൗഡയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.