കോവളം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കോവളത്തെ വികസന പദ്ധതി അനന്തമായി നീളുകയാണ്. അഞ്ചു മാസം മുമ്പ് വകുപ്പ് മന്ത്രി കോവളം ബീച്ചിൽ ഉദ്ഘാടനം ചെയ്ത 20 കോടിയുടെ വികസനപദ്ധതികളാണ് അധികാരികളുടെ അനാസ്ഥ കാരണം നീളുന്നത്. രണ്ട് ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ഇക്കൊല്ലം ഒന്നാം ഘട്ടം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ടൂറിസം വകുപ്പ് ആസ്ഥാനത്ത് ഇതുവരെ ടെക്നിക്കൽ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് കൂടാൻ പോലും ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. മാത്രമല്ല കോവളത്ത് സ്വകാര്യ ഹോട്ടലുകളെയും സർക്കാർ ഭൂമികളെയും സംബന്ധിച്ചുള്ള തർക്കങ്ങളും നിലവിലെ കോടതി സ്റ്റേകളും കോവളം വികസന പദ്ധതിക്ക് തടസമായി മാറുകയാണ്. നവീകരണവും വികസനവുമില്ലാത്തതിനാൽ കോവളം തീരത്തിന്റെ പ്രതാപം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പല കാരണങ്ങളാൽ സഞ്ചാരികളും കോവളത്തുനിന്ന് അകലുകയാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രം വളർച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേക്കാണ്. അടിസ്ഥാന സൗകര്യങ്ങളും ആകർഷകമായ പാക്കേജുകളുമൊരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്.
ഒന്നാം ഘട്ടം ഇങ്ങനെ
രണ്ട് പദ്ധതികളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഹവ്വാ ബീച്ചിനെയും സീറോക്ക് ബീച്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും മറ്റൊന്ന് ഗ്രോവ് ബീച്ച്, സമുദ്ര ബീച്ച്, എടക്കല്ല് ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്നതുമാണ്. സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിൽ തീരസംരക്ഷണത്തിനായി ടെട്രാപോഡുകളും സ്ഥാപിക്കും.
രണ്ടാം ഘട്ടം ഇങ്ങനെ
നാല്പത് ബീച്ച് വെണ്ടർ ബൂത്തുകൾ, സ്വാഗത കവാടം, സൈൻ ബോർഡുകൾ, ആറ് കൽമണ്ഡപങ്ങൾ, ഗ്രാനൈറ്റ് സ്ലാബുകൾ പതിച്ച നൂറ്റിയിരുപത് ഇരിപ്പിടങ്ങൾ, എടക്കല്ല് റോക്ക് ഗാർഡൻ എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രധാന പ്രശ്നങ്ങൾ
ആളുകൾക്ക് വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ബീച്ചിൽ സൗകര്യമില്ല
സഞ്ചാരികളുടെ കണ്ണെത്തുന്ന സ്ഥലത്ത് ടോയ്‌ലെറ്റും വിശ്രമമുറിയും സ്ഥാപിക്കണം
മുൻപ് ഉണ്ടായിരുന്നത് പോലെ പേ ആൻഡ് യൂസ് ടോയ്‌ലെറ്റ് സൗകര്യം ബീച്ചിൽ ഒരുക്കണം
അപകടത്തിൽ പെടുന്നവർക്ക് പ്രാഥമികശുശ്രൂഷ നൽകാനുള്ള ആംബുലൻസ് സൗകര്യവും ബീച്ചിലില്ല
ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലെ 200 മീറ്ററോളം ദൂരത്തിൽ കെട്ടിയിട്ടുള്ള ഇരുമ്പുകൈവരികൾ തുരുമ്പെടുത്ത് ദ്രവിച്ചു
തുരുമ്പെടുത്ത ഇരുമ്പുകുഴലുകൾ മാറ്റാനോ പകരം പുതിയത് സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ല
ടൂറിസം സീസണിൽ പദ്ധതി ആരംഭിക്കുമ്പോൾ ബീച്ചിലെത്തുന്ന സഞ്ചാരികളെ തീരത്തു നിന്നും അകറ്റുമോയെന്ന ആശങ്കയും ബീച്ചിലെ കച്ചവടക്കാർക്കുണ്ട്
പ്രതികരണം: കോടികൾ ചെലവിട്ട് പാഴാക്കാതെ കോവളത്തിന്റെ തനിമ നിലനിറുത്താൻ പരമ്പരാഗത നിർമ്മാണവും വാസ്തുശില്പ വിദ്യകളും പ്രോത്സാഹിപ്പിക്കണം. ആധുനിക വിദ്യകളല്ല സഞ്ചാരികൾ ഇഷ്ടപ്പെടുന്നത്. അവരെ അതിഥിയായി സ്വീകരിക്കാൻ നാം തയ്യാറാകണം. - എം. വിൻസന്റ് എം.എൽ.എ
ഒന്നാംഘട്ടം ഇവിടെ
ഗ്രോവ് ബീച്ച്
സമുദ്ര ബീച്ച്
പാർക്ക് ഏരിയ
രണ്ടാം ഘട്ടം ഇവിടെ
ഹവാ ബീച്ച്
സീറോക്ക് ബീച്ച്
ലൈറ്റ് ഹൗസ് ബീച്ച്
പദ്ധതി ഉദ്ഘാടനം ചെയ്തത് 5 മാസം മുൻപ്
പദ്ധതി തുക 20 കോടി