കിളിമാനൂർ: അന്നം തേടിയിറങ്ങിയ കാട്ടുപന്നി നാട്ടിൻ പുറത്തെ കിണറ്റിൽ വീണു. വിവരമറിഞ്ഞെത്തിയ വനപാലകർ മണിക്കൂറുകൾ പണിപ്പെട്ടാണ് വലയിൽ കുടുക്കി പുറത്തെത്തിച്ചത്. കുടുക്കിലാക്കി പിടികൂടുന്നത് കാണാനെത്തിയ ജനക്കൂട്ടത്തിലൊരാളെ ഇടിച്ചിട്ടശേഷം പന്നി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
മടവൂർ ഗ്രാമപഞ്ചായത്തിലെ അറു കാഞ്ഞിരംവാർഡിൽ വേട്ടയ്ക്കാട്ടുകോണത്താണ് കൗതുകകരമായ രംഗങ്ങൾ അരങ്ങേറിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവിടെ മർഹബാ മൻസിലിൽ ജലാലിന്റെ വീടിനോട് ചേർന്ന കിണറ്റിലാണ് രാത്രി ഭക്ഷണം തേടിയിറങ്ങിയ കൂറ്റൻ കാട്ടുപന്നി അകപ്പെട്ടത്. രാവിലെ കിണറ്റിൽ നിന്ന് ശബ്ദം കേട്ട വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കാട്ടുപന്നി അകപ്പെട്ടതറിഞ്ഞത്. ഉടൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പിന്റെ റാപ്പിഡ് റസ്ക്യൂ ടീമിലെ അരുൺലാൽ, ശരത്, നിഷാദ്, സുഭാഷ് എന്നിവർ അടങ്ങിയ സംഘം സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു. ഏറെ പണിപ്പെട്ട് പന്നിയെ വലയിൽ കുരുക്കി പുറത്തെത്തിച്ചെങ്കിലും കരയിലെത്തിയ ഉടൻ വലയിൽ നിന്ന് ചാടിയിറങ്ങി കാഴ്ചക്കാരിൽ ഒരാളെ ഇടിച്ച് മറിച്ച് പന്നി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് രണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള ഇളമ്പ്രക്കോട് വനഭാഗം ലക്ഷ്യമിട്ടാണ് പന്നി ഓടി മറഞ്ഞത്. ഇതേസമയം തന്നെ തൊട്ടടുത്തുള്ള ഗ്രാമത്തിൽ ഈരാറ്റിൽ പെരുമ്പാമ്പിറങ്ങിയതായുള്ള സന്ദേശവും വനപാലകർക്ക് ലഭിച്ചിരുന്നു. പന്നിയെ പിടികൂടാനെത്തിയ റാപ്പിഡ് റസ്ക്യൂ ടീമിലെ ഒരു വിഭാഗം അവിടേക്ക് പോയി. അവർക്ക് 10 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടാനായി. അങ്ങനെ പന്നിയെ പിടികൂടാനെത്തിയ വനപാലകർ പെരുമ്പാമ്പുമായി മടങ്ങി. അറു കാഞ്ഞിരംവാർഡിൽ രാപ്പകൽ ഇളമ്പ്ര ക്കോട് വനത്തിൽ നിന്നുമെത്തുന്ന വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കണമെന്ന് മെമ്പർ എം.ജി.മോഹൻദാസ് ആവശ്യപ്പെട്ടു.ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടുന്ന കഥ 'വന്യജീവി ഭീഷണിയിൽ ഒരു ഗ്രാമം' എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 28ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.