01

ശ്രീകാര്യം: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരും പി.ടി ഭാസ്കര പണിക്കരും മുൻകൈയെടുത്ത് രൂപം നൽകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി ദേശീയ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 1977 ൽ ഭാരത സർക്കാർ നടപ്പിലാക്കിയ ദേശിയ വയോജന വിദ്യാഭ്യാസ പദ്ധതിക്ക് പ്രചോദനമായതും കാൻഫെഡ് ആയിരുന്നു. കാൻഫെഡിന്റെ ദിശാബോധമാണ് കഴിഞ്ഞ മൂന്നുവർഷമായി പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസത്തിന്റെ മികവ് ഉയർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാൻഫെഡിന്റെ 42-ാമത് വാർഷികവും സംസ്ഥാന ക്യാമ്പും സമ്മേളനവും ശ്രീകാര്യം ഗാന്ധിപുരം മരിയറാണി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്നത്തെ സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ദിശാബോധത്തിൽ മാറ്റം ഉണ്ടാകണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കണ്ടുകൊണ്ടാവരുത് കാൻഫെഡ് പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടത്. കാൻഫെഡ് നടപ്പിലാക്കേണ്ട നാല് പദ്ധതികളുടെ നിർദ്ദേശവും അദ്ദേഹം അവതരിപ്പിച്ചു. കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നവകേരള മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് കാൻഫെഡിന്റെ ജന്മദിന പ്രതിജ്ഞ ചൊല്ലി. പ്രൊഫ . ജി. ബാലചന്ദ്രൻ, എൻ. ബാലഗോപാൽ, ഗീത നസീർ, ഡോ. എം.ആർ. തമ്പാൻ എന്നിവർ പ്രസംഗിച്ചു. ജയശ്രീകുമാർ സ്വാഗതവും മഞ്ജു ശ്രീകണ്ഠൻ നന്ദിയും പറഞ്ഞു.