നെടുമങ്ങാട് : അമ്മയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് വകവരുത്തിയ പതിനാറുകാരിയെ കിണറ്റിലെറിയുമ്പോൾ ജീവന്റെ തുടിപ്പുകൾ അവശേഷിച്ചിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഏകമകളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി കാമുകനൊപ്പം സ്വൈര്യ ജീവിതം നടത്താൻ മഞ്ജുഷ പദ്ധതിയിട്ട് നടപ്പിലാക്കിയത് കേട്ടുകേൾവിയില്ലാത്ത കൊടും പൈശാചികതയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കട്ടിലിൽ ഇരിക്കുകയായിരുന്ന മകൾ മീരയുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി ഞെരിച്ചത് മഞ്ജുഷയാണ്. പിന്നാലെ കാമുകൻ അനീഷ് കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചു. ഈ സമയം പുറത്തു നല്ല മഴയായിരുന്നതിനാൽ മഴ തോരും മുൻപേ കുട്ടിയെ കിണറ്റിൽ തള്ളാനുള്ള വ്യഗ്രതയിലായിരുന്നു ഇരുവരും. ഉടനേ ഇരുവരും കുട്ടിയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു. റോഡരികിലുള്ള കിണറിന് സമീപത്തെ കുറ്റിക്കാട്ടിൽ മീരയെ കിടത്തുമ്പോൾ നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. ഉടനേ മീരയെ കിണറ്റിലെറിഞ്ഞെന്നാണ് ഇരുവരുടെയും മൊഴി. വെള്ളത്തിൽ വീണ ശേഷമാവാം മരണം സംഭവിച്ചതെന്ന വസ്തുതയും പൊലീസ് നിഷേധിക്കുന്നില്ല. തിങ്കളാഴ്ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പും ഇവർ പൂർത്തിയാക്കിയിരുന്നു. കിണറിനു സമീപത്തെ സ്വന്തം വീട്ടിൽ നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ തന്നെ സഹോദരിയുടെ വീട്ടിൽ പറഞ്ഞുവിട്ടു. സന്ധ്യയോടെ ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തി. വീടിനു പരിസരത്തെ ചില ആൺകുട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ കൈയേറ്റം ചെയ്തു. തുടർന്ന് കുട്ടിയുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ചു. കുട്ടിയെ കിണറ്റിലിട്ട ശേഷം നാടുവിടുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും
റിമാൻഡിലായ പ്രതികളെ ഒരാഴ്ച ജുഡിഷ്യൽ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞ ശേഷം പ്രതികൾ മുങ്ങിയ തമിഴ്‌നാട്ടിലും കൊല നടന്ന വീട്ടിലുമെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, സി.ഐ രാജേഷ്‌കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.