തിരുവനന്തപുരം: പത്താം ശമ്പളക്കമ്മിഷൻ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പുതിയ കമ്മിഷനെ തീരുമാനിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ സമരത്തിലേക്ക്. സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന 'ശമ്പള പരിഷ്കരണ ദിനാചരണ'ത്തിന്റെ ഭാഗമായി ഇന്ന് നിയമസഭയിലേക്കും കളക്ടറേറ്റിലേക്കും മാർച്ചുകൾ നടത്തും.
2014- ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒമ്പതാം ശമ്പളക്കമ്മിഷന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചിരുന്നു. അതേസമയം, ഇൗയാഴ്ച തന്നെ കമ്മിഷനെ നിയമിക്കുമെന്ന് സൂചനയുണ്ട്.
രാവിലെ 11 മണിക്ക് പബ്ലിക് ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി, അദ്ധ്യാപക സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ എൻ.കെ.ബെന്നി അറിയിച്ചു.