തിരുവനന്തപുരം : സ്വർണ വ്യാപാരിയുടെ കാർ ആക്രമിച്ച് 183.5 പവന്റെ സ്വർണാഭരണം കൊള്ളയടിച്ച പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ്. കവർച്ച നടത്തിയ ശേഷം സംഘം രക്ഷപ്പെട്ട കാർ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ചശേഷം മറ്റൊരു വാഹനത്തിൽ തമിഴ്നാട്ടിലെത്തിയെന്നാണ് നിഗമനം. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ തമിഴ്നാട് ടവർ പരിധിക്കുള്ളിലാണെന്ന് സൈബർസെൽ കണ്ടെത്തി. രണ്ട് ദിവസത്തിനകം മുഴുവൻ പ്രതികളും പിടിയിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
തമിഴ്നാട് ഷാഡോ പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിവളപ്പിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്ന് പ്രതികൾ തമിഴ്നാട് ഭാഗത്തേക്ക് കടന്നതായി വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളിൽ നിന്ന് വ്യക്തമായി.
പൊലീസ് കസ്റ്റഡിയിലെടുത്ത കാർ രാത്രിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കാനായി കാർ ടാർപോളിയൻ ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ്.
ശ്രീവരാഹം അന്നപൂർണേശ്വരിക്ഷേത്രത്തിന് സമീപം പറമ്പിൽ ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് അരുമന ഐശ്വര്യ ജുവലറി ഉടമ ബിജുവിനെ (50) കുരുമുളകു പൊടി സ്‌പ്രേ ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാലംഗ സംഘം കൊള്ളയടിക്കുകയായിരുന്നു. മറ്റു ജുവലറികൾക്കായി വാങ്ങിയ സ്വർണമാണ് നഷ്ടമായത്. എഗ്‌മോർ എക്സ്‌പ്രസിൽ വെള്ളിയാഴ്ച രാത്രി 9.30ന് സ്വർണവുമായി തൃശൂരിൽ നിന്ന് പുറപ്പെട്ട ബിജു ശനിയാഴ്ച പുലർച്ചെ 4ഓടെയാണ് തലസ്ഥാനത്തെത്തിയത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്വന്തം കാറിൽ പറമ്പിൽ ലൈനിലെ വാടകവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.