തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ഡ്രൈവർമാർ കൂട്ടത്തോടെ പുറത്തായതോടെ തലസ്ഥാന ജില്ലയിലെ പൊതുഗതാഗതം താറുമാറായി. ഇന്നലെ വിവിധ ഡിപ്പോകളിൽ ആകെയുള്ള 1233 സർവീസുകളിൽ 351 സർവീസുകൾ നടന്നില്ല. റദ്ദാക്കിയത് 28 ശതമാനത്തിലേറെ സർവീസുകൾ. ഇന്നും കാര്യങ്ങൾ ഇതിലും രൂക്ഷമാകാനാണ് സാദ്ധ്യത.

ഇന്നലെ ഓർഡിനറി ബസുകളാണ് കൂടുതലും റദ്ദാക്കിയത്. വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്നത് ഓർഡിനറി ബസുകളെയാണ്. ഇന്ന് വ്യാപകമായി ഓർഡിനറി ബസുകൾ റദ്ദു ചെയ്താൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വലയുമെന്നുള്ളത് ഉറപ്പാണ്. ആറ്റിങ്ങലിലും നഗരത്തിലും മാത്രമാണ് സ്വകാര്യബസുകളുള്ളത്.

ഇന്നലെ ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത് പാപ്പനംകോട് ഡിപ്പോയിലാണ്. ഇവിടെ ആകെയുള്ള 93 സർവീസുകളിൽ 43 എണ്ണം റദ്ദായി. ഓർഡിനറി ബസുകൾ കൂടുതലായി ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റാണിത്. ഏറ്റവും കുറവ് റദ്ദാക്കലുള്ളത് തമ്പാനൂർ സെൻട്രൽ ഡിപ്പോയിലാണ്. ആകെ 67 സർവീസുകളുള്ള ഇവിടെ ഒരെണ്ണം മാത്രമാണ് മുടങ്ങിയത്. അവധി ദിവസമായതിനാൽ യാത്രാദുരിതം നിരത്തുകളിൽ പ്രകടമായില്ലെങ്കിലും ബദൽ ക്രമീകരണമേർപ്പെടുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും.

400 ഓളം താത്കാലിക ഡ്രൈവർമാരാണ് പുറത്തായത്. എം പാനൽ കണ്ടക്ടർമാർ പുറത്ത് പോയെങ്കിലും അധികം വൈകാതെ പകരം സംവിധാനമൊരുക്കി പ്രശ്‌നം ഭാഗികമായി പരിഹരിക്കാനായിരുന്നു. എന്നാൽ താത്കാലിക ഡ്രൈവർമാരെ ഒഴിവാക്കുന്നതോടെ പകരം നിയോഗിക്കാൻ സംവിധാനവുമില്ലാത്തതിനാൽ വലിയ യാത്രാദുരിതമാകും ഫലത്തിൽ സംഭവിക്കുക. എം പാനൽ കണ്ടക്ടർമാരെ പുറത്താക്കിയ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ സർവീസുകളാണ് അധികവും വെട്ടിക്കുറച്ചത്.