പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വേയെ അട്ടിമറിച്ച്
പെറു സെമിയിൽ
പെനാൽറ്റി
പാഴാക്കിയത്
സുവാരേസ്
സാവോപോളോ : സൂപ്പർതാരം ലൂയിസ് സുവാരേസ് പാഴാക്കിയ പെനാൽറ്റി കോപ്പയിൽ ഉറുഗ്വേയുടെ വിധിയെഴുതി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെതുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-4നായിരുന്നു പെറുവിന്റെ വിജയം.
ഗ്രൂപ്പ് റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചുവന്ന ഉറുഗ്വേയ്ക്ക് ക്വാർട്ടറിൽ നിർഭാഗ്യമാണ് തിരിച്ചടി നൽകിയത്. സുവാരേസ് പെനാൽറ്റി പാഴാക്കുന്നതിന് മുമ്പുതന്നെ നിർഭാഗ്യം അവരെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ആദ്യപകുതിയിൽ എഡിൻസൺ കവാനിയും രണ്ടാംപകുതിയിൽ ഡീഗോ ഗോഡിനും പെറു വല കുലുക്കിയെങ്കിലും വീഡിയോ റഫറിയുടെ സഹായത്തോടെ ഒഫ് സൈഡ് വിളിച്ചു. അതിമോഹങ്ങളില്ലാത്ത പെറുവാകട്ടെ ഉറുഗ്വേയൻ ഗോൾമുഖത്ത് ശ്രദ്ധേയമായ ആക്രമണങ്ങളൊന്നും സംഘടിച്ചിരുന്നുമില്ല.
ഷൂട്ടൗട്ടിലെ കളി
ഉറുഗ്വേയ്ക്ക് വേണ്ടി ആദ്യ കിക്കെടുക്കാനെത്തിയ സുവാരേസിന് തന്നെ പിഴച്ചു. സുവാരേസിന്റെ ശക്തമായ ഷോട്ട് കൃത്യമായികണക്കുകൂട്ടി വലത്തേക്ക് ഡൈവ് ചെയ്ത പെറു ഗോളി ഗല്ലാസ് തട്ടിയകറ്റുകയായിരുന്നു. തുടർന്ന് പെറുവിനായി ഗ്വിറേറോ, റൂയിഡയസ്, യോറ്റുൻ, അഡ്‌വിൻകുല, പ്ളോറസ് എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. ഉറുഗ്വേയുടെ ടോറേയ്‌റ, ബെന്റാൻകുർ, സ്റ്റുവാനി, കവാനി എന്നിവർക്ക് കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാനായി.
വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിയാണ് പെറുവിന്റെ എതിരാളികൾ.
സെമി ഫിക്‌സ്ചർ
ജൂലായ് 3 രാവിലെ 6 മണി
ബ്രസീൽ Vs അർജന്റീന
ജൂലായ് 4 രാവിലെ 6 മണി
ചിലി Vs പെറു
3
കഴിഞ്ഞ നാല് കോപ്പകളിൽ പെറു സെമിയിലെത്തുന്നത് ഇത് മൂന്നാം തവണയാണ്.
1
ആദ്യമായാണ് കോപ്പയിൽ പെറു പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുന്നത്. 1999 ൽ മെക്സിക്കോയോടും 2016 ൽ കൊളംബിയയോടും ഷൂട്ടൗട്ടിൽ തോറ്റിരുന്നു.
0
ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ടുപോലും നിശ്ചിത സമയത്ത് പായിക്കാതെ കോപ്പയുടെ ക്വാർട്ടറിൽ ജയിക്കുന്ന ആദ്യ ടീമാണ് പെറു.