ലോഡ്സ് : ആദ്യ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ന്യൂസിലൻഡിനും ഒടുവിലായപ്പോൾ കാലിടറുന്നു. കഴിഞ്ഞരാത്രി കിവീസ് ചിര വൈരികളായ ആസ്ട്രേലിയയോട് 86 റൺസിനാണ് തോറ്റത്. ഇൗ ലോകകപ്പിലെ കിവീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ പാകിസ്ഥാനോട് ആറ് വിക്കറ്റിനായിരുന്നു തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന കിവീസ് മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. എട്ട് മത്സരങ്ങളിൽനിന്ന് 11 പോയിന്റാണ് കിവീസിനുള്ളത്. ബുധനാഴ്ച ഇംഗ്ളണ്ടിനെതിരെയാണ് കിവീസിന്റെ അവസാന മത്സരം.
ലോർഡ്സിൽ നടന്ന മത്സരത്തിൽ ആസ്ട്രേലിയ നൽകിയ 244 റൺസിന്റെ ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ കിവീസ് 43.4 ഒാവറിൽ 157 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബ്രെൻ ഡോർവും ചേർന്നാണ് കിവീസിനെ അരിഞ്ഞിട്ടത്. ക്യാപ്ടൻ കേൻവില്യംസൺ (40), ടെയ്‌ലർ (30), ഗപ്ടിൽ (20) എന്നിവർക്ക് മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. നേരത്തെ ആസ്ട്രേലിയയുടെ ഇന്നിംഗ്സിൽ കിവീസ് പേസർ ട്രെന്റ് ബൗൾട്ട് ഹാട്രിക് നേടിയിരുന്നു.
വേൾഡ് കപ്പ് ലീഡേഴ്സ്
ബാറ്റിംഗ് ടോപ്പ് 5
ബാറ്റ്സ്മാൻ, കളി, റൺസ് എന്ന ക്രമത്തിൽ
ഡേവിഡ് വാർണർ : 8-516
ആരോൺഫിഞ്ച് : 8-504
ഷാക്കിബ് അൽഹസൻ : 6-476
ജോറൂട്ട് : 8-476
വില്യംസൺ : 7-454
ബൗളിംഗ് ടോപ് 5
ബൗളർ-മത്സരം -വിക്കറ്റ് ക്രമത്തിൽ
മിച്ചൽ സ്റ്റാർക്ക് 8-24
ഫെർഗൂസൺ : 7-17
ആമിർ : 7-16
ആർച്ചർ : 8-16
ഷമി : 3-13
ഇന്നത്തെ മത്സരം
ശ്രീലങ്ക Vs വെസ്റ്റ് ഇൻഡീസ്
വൈകിട്ട് മൂന്ന് മുതൽ
ടോസിടാൻ
സച്ചിനും
ബർമിംഗ്ഹാം : ഇന്നലെ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരത്തിന് ടോസിടാൻ സാക്ഷിയായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമുണ്ടായിരുന്നു. യൂണിസെഫിന്റെ അംബാസഡർ എന്ന നിലയിലാണ് സച്ചിൻ വിരാടിനും മോർഗനുമൊപ്പമെത്തിയത്. യൂണിസെഫിന്റെ വൺഡേ ഫോർ ചിൽഡ്രൻ പദ്ധതിയുടെ പ്രചാരണാർത്ഥമായിരുന്നു ഇത്. ഇൗ പരിപാടിയുടെ മുദ്രാവാക്യം ഇരുടീമുകളുടെയും ജഴ്സിയിലും തൊപ്പിയിലും പതിച്ചിരുന്നു.
പന്ത് ഒടുവിൽ ടീമിലെത്തി
ശിഖർ ധവാന് പരിക്കേറ്റപ്പോൾ ഇംഗ്ളണ്ടിലെത്തിയ ഋഷഭ് പന്തിന് ഇന്നലെ കാത്തിരിപ്പിനൊടുവിൽ പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിജയ് ശങ്കറിന് പകരമാണ് പന്ത് കളിക്കാനെത്തിയത്.