ആലപ്പുഴ : ജില്ലയിലെ നിരത്തുകളിൽ ഇനി 108 ആംബുലൻസുകൾ ഓടുക പുതിയ കരുത്തോടെ. ഓടിത്തേഞ്ഞ ആംബുലൻസുകൾ അപ്പാടെ മാറ്റും. ഇവയ്ക്ക് പകരം 18 പുതിയ ആംബുലൻസുകൾ രണ്ടാഴ്ചക്കുള്ളിൽ ജില്ലയ്ക്ക് ലഭിക്കുംക. ഇപ്പോൾ ഓടുന്ന പഴയ ആംബുലൻസുകൾ സർക്കാർ ആശുപത്രികൾക്ക് കൈമാറും. നിലവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷനാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.

എന്നാൽ, ഇനി മുതൽ ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല സർക്കാർ - സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് പുതിയ സംവിധാനം ഒരുക്കുക. ആദ്യഘട്ടത്തിൽ പദ്ധതിക്കായി സംസ്ഥാനത്ത് 320 ആംബുലൻസുകൾ വാങ്ങി കഴിഞ്ഞു. നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് 108 ആംബുലൻസ് സർവീസുള്ളത്. എന്നാൽ, ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആംബുലൻസുകൾ '108' എന്ന നമ്പറിലൂടെ വിളിപ്പുറത്തെത്തും.

ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിൽ ആദ്യഘട്ടത്തിൽ ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ സ്ഥാപനത്തിനായിരുന്നു. ഇവർ നടത്തിപ്പിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 108 ആംബുലൻസുകളുടെ സർവീസ് നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.

ജില്ലയിൽ സർവീസ് നടത്തുന്ന 18 ആംബുലൻസുകളിൽ ചേർത്തല താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് മാത്രമാണ് കട്ടപ്പുറത്തുള്ളത്. ഓടുന്ന ആംബുലൻസുകളിൽ പകുതിയോളം എണ്ണത്തിൽ ശീതീകരണ സംവിധാനം പൂർണമായി പ്രവർത്തിക്കുന്നില്ല. വാഹനങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥയും പരിതാപകരമാണെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.

 ജീവനക്കാർ കുറവ്

ഒരു വാഹനത്തിൽ രണ്ട് ഡ്രൈവർമാരും അത്രയും നഴ്സുമാരും വേണം. മൂന്ന് ആംബുലൻസുകളിലെ ബാക്ക് അപ്പ് ഡ്യൂട്ടിക്കായി ഒന്ന് വീതം ഡ്രൈവറും നഴ്സും ഉണ്ടാവണം. സർക്കാർ ജോലി ലഭിച്ചതിനെതുടർന്ന് രാജിവച്ച് പോയ 12നഴ്സുമാരുടെ ഒഴിവിൽ ഒന്നിൽ പോലും നിയമനം നടത്തിയിട്ടില്ല. ഇത് സർവീസിനെ ബാധിക്കുന്നുണ്ട്. പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷാ ദിവസങ്ങളിൽ ആംബുലൻസ് സർവീസ് മുടങ്ങുന്നത് പതിവാണ്. ജീവനക്കാർ പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്നതാണ് കാരണം. 7 ആംബുലൻസുകൾ വരെ ഇങ്ങനെ ഒരു ദിവസംമുടങ്ങിയിട്ടുണ്ട്.

 ശമ്പളം (12 മണിക്കൂർ ഡ്യൂട്ടി)

നഴ്സിന് 690രൂപ

ഡ്രൈവർക്ക് 669രൂപ

320 : സംസ്ഥാനത്തൊട്ടാകെ 108 സർവീസിനായി വാങ്ങിയത് 320 ആംബുലൻസുകൾ

പഴയ ആംബുലൻസിലെ സൗകര്യങ്ങൾ

ഓക്സിജൻ സംവിധാനം,വെന്റിലേറ്റർ ഉൾപ്പെടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ

പുതിയതിൽ

നിലവിലുള്ള സംവിധാനത്തിന് പുറമേ ട്രോമാ കെയർ സംവിധാനം

"പുതിയ സംവിധാനത്തിൽ 108ആംബുലൻസ് സർവീസ് ആരംഭിക്കുമ്പോൾ നിലവിലുള്ള തൊഴിലാളികളെ നിലനിർത്തണം. ഇപ്പോഴുള്ള മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം.

വി.ആർ.രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് , എൻ.എച്ച്.എം യൂണിയൻ,സി.ഐ.ടി.യു