# നിർമ്മാണം പുരോഗമിക്കുന്നു
ആലപ്പുഴ: ജില്ലയുടെ ചരിത്രത്തോടു ചേർന്നു നിൽക്കുന്ന കയറിന്റെ ചരിത്രകഥ വരുംതലമുറയ്ക്കു പകർന്നുനൽകാൻ, ആ സുവർണ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളെ കൂട്ടിയോജിപ്പിച്ച് ആലപ്പുഴ നഗരത്തിൽ കയർ മ്യൂസിയം തയ്യാറാവുന്നു. 2018ലെ 'കയർകേരള'യോടനുബന്ധിച്ച് നടന്ന സെമിനാറിൽ ആവിഷ്കരിച്ച പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
കൊമേഴ്‌സ്യൽ കനാലിന്റെ വടക്കുവശത്ത് അവശേഷിക്കുന്ന പാശ്ചാത്യ കമ്പനികളായ ആസ്പിൻവാൾ, ബോംബെ കമ്പനി, വോൾകാട്ട് ബ്രദേഴ്‌സ്, ഡാറാസ് മെയിൽ സ്ഥാപനങ്ങളുടെ സമുച്ചയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇവിടങ്ങളിൽ ഇപ്പോഴുള്ള വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നിലനിറുത്തിക്കൊണ്ടാണ് മ്യൂസിയം സജ്ജമാക്കുന്നത്. ഇതിൽ ആസ്പിൻവാൾ കമ്പനി ഒഴികെ മറ്റ് മൂന്നിടത്തും പുനർ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. പൈതൃക മ്യൂസിയം പദ്ധതിയിൽ 22 ചെറു മ്യൂസിയങ്ങൾ സ്ഥാപിക്കും. പൈതൃക മ്യൂസിയവും ശവക്കോട്ടപ്പാലത്തിനു പടിഞ്ഞാറ് ഗാന്ധി മ്യൂസിയവും ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
.....................................................................
# 112 കോടി: പൈതൃക മ്യൂസിയം നിർമ്മാണ ചെലവ്
# 37 കോടി: ആദ്യ ഘട്ടത്തിൽ ചെവിടുന്നത്
# 25 കോടി: ടൂറിസം വകുപ്പ് നൽകുന്നത്
# 12 കോടി: കിഫ്ബിയിൽ നിന്ന്
....................................................................
പദ്ധതിരേഖ
# ബോംബെ കമ്പനിയിൽ കയർ നെയ്ത്ത് നേരിട്ടുകാണാനുള്ള അവസരം
# വോൾകാട്ട് ബ്രദേഴ്സിൽ കയർ വ്യവസായ ചരിത്ര മ്യൂസിയം
# വിദേശത്തേയും സ്വദേശത്തേയും കയർ കമ്പനികളുടെ ചരിത്രവും ഇവിടെ
# ഒപ്പം കയറിന്റെ കമ്പോളമാറ്റങ്ങളും ട്രേഡ് യൂണിയൻ ചരിത്രവും സമഗ്രമായി
# ഡാറാസ് മെയിൽ കയർപിരി മേഖലയുടെ ചരിത്ര മ്യൂസിയമാക്കും
# ആസ്പിൻവാൾ കമ്പനി സർക്കാർ ഏറ്റെടുത്ത് സാംസ്‌കാരിക സമുച്ചയമാക്കും
.....................................................
'ഹൗസ്ബോട്ട് സഞ്ചാരം മാത്രം ലക്ഷ്യമിട്ട് ആലപ്പുഴയിൽ എത്തുന്ന സ്വദേശ-വിദേശ സഞ്ചാരികളെ ഒരുദിവസമെങ്കിലും ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. ഇതിനായി നഗരത്തിലെ കനാലുകളിൽ മാലിന്യനീക്കം പുരോഗമിക്കുകയാണ്. കനാലുകളുടെ ഇരുവശത്തുമായി ഇരുപതോളം മ്യൂസിയങ്ങൾ സ്ഥാപിക്കും. കനാലിലൂടെ ഒരുദിവസം സഞ്ചരിച്ച് മ്യൂസിയങ്ങൾ മുഴുവൻ കണ്ടുതീർക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും'
(പദ്ധതി അധികൃതർ)