# രണ്ടു താലൂക്കുകളിൽ പൂട്ടിക്കിടക്കുന്നത് 40 ഷാപ്പുകൾ

# മുന്നൂറോളം പേർക്ക് തൊഴിൽ നഷ്ടം


വളളികുന്നം: ഉപജീവനമാർഗ്ഗം അടഞ്ഞതോടെ ജീവിതം വഴിമുട്ടിയ കള്ളുഷാപ്പ് തൊഴിലാളിളെ ഉത്തരവാദപ്പെട്ടവർ മറന്നു. മാവേലിക്കര, കാർത്തകപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന കായംകുളം, മാവേലിക്കര, നൂറനാട് റേഞ്ചുകളിലായി 40 ഷാപ്പുകളാണ് കഴിഞ്ഞ മൂന്നു വർഷമായി പൂട്ടിക്കിടക്കുന്നത്. ചെത്തു തൊഴിലാളികൾ ഉൾപ്പെടെ മൂന്നൂറോളം പേർ ഈ രണ്ടു താലൂക്കുകളിൽ മാത്രം തൊഴിൽ രഹിതരായി.

ഒരു ഷാപ്പിലെ കള്ളിൽ മായമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ ആ ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുന്നതാണ് എക്സൈസിന്റെ രീതി. വള്ളികുന്നം, കറ്റാനം മേഖലകളിൽ മാത്രം 15 ഷാപ്പുകളാണ് പൂട്ടിക്കിടക്കുന്നത്. 12,000 രൂപ വരെ ഒരു തൊഴിലാളിക്ക് പ്രതിമാസം വേതനം ലഭിച്ചിരുന്നു. ജോലി പോയതോടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയുള്ള നിത്യച്ചെലവുകൾക്ക് ഏറെ ബുദ്ധിമുട്ടുകയാണ് ഈ തൊഴിലാളികൾ ഇപ്പോൾ. ഓണക്കാലത്ത് സർക്കാർ നൽകുന്ന 2000 രൂപ മാത്രമാണ് ഇവർക്കിപ്പോൾ തങ്ങളുടെ പഴയ തൊഴിൽ മേഖലയിൽ നിന്നുള്ള ഏക വരുമാനം. യൂണിയൻ ക്ഷേമനിധി അംഗങ്ങളായിരുന്ന ഇവർക്ക് ആ നിലയിലുള്ള പിടിവള്ളിയും ഇല്ലാതായി. മറ്റു വിവിധ തൊഴിൽ മേഖലകളിലേക്ക് ജീവിതച്ചുവട് മാറ്റിച്ചവിട്ടിയ തൊഴിലാളികൾ ഇപ്പോഴും പ്രതീക്ഷയിലാണ്, പഴയ ലാവണത്തിലേക്കുള്ള മടക്കയാത്രയുടെ കാര്യത്തിൽ.

.................................................

# 5: ഒരു ഗ്രൂപ്പിലെ പരമാവധി ഷാപ്പുകൾ

# 7-30: ഒരു ഷാപ്പിലെ തൊഴിലാളികളുടെ എണ്ണം

...................................................

# ചാടിക്കയറി എക്സൈസ്

ഷാപ്പിൽ കൃത്രിമത്വം കണ്ടെത്തിയാൽ നിയമപരമായി അവശേഷിക്കുന്ന ആ 'പടി'യിൽ ചവിട്ടാതെയാണ് എക്സൈസ് അധികൃതർ ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളും ഉടനടി പൂട്ടിക്കുന്നത്. മായം കണ്ടെത്തിയ ഷാപ്പിൽ നിന്ന് എ, ബി എന്നിങ്ങനെ രണ്ടു സാമ്പിളുകൾ ശേഖരിച്ച ശേഷം എക്സൈസ് കമ്മിഷണർ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതാണ് ആദ്യ നടപടി. സസ്പെൻഷൻ കാലയളവിലും ഷാപ്പ് പ്രവർത്തിപ്പിക്കാം. എക്സൈസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ലൈസൻസിക്ക് ബോദ്ധ്യമുണ്ടെങ്കിൽ ഉടൻ കോടതിയെ സമീപിച്ച് ബി സാമ്പിൾ പരിശോധിപ്പിക്കണമെന്ന് അപേക്ഷിക്കാം. ഇതിലും പരാജയപ്പെട്ടാൽ മാത്രമേ ഷാപ്പ് പൂട്ടിക്കാൻ ഉത്തരവിടാനാവൂ. എന്നാൽ, ലൈസൻസി ഒരാളായതിനാൽ ആ ഗ്രൂപ്പിലെ മറ്റു ഷാപ്പുകളിലും കൃത്രിമത്വം കാട്ടാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പരിശോധനയുടെ പിറ്റേന്നുതന്നെ എക്സൈസ് അധികൃതർ ഷാപ്പ് പൂട്ടിക്കുന്നത്.

................................................

'പൂട്ടിക്കിടക്കുന്ന ഷാപ്പുകൾ എക്സൈസ് വകുപ്പ് പരസ്യ വില്പന നടത്തണം. അല്ലെങ്കിൽ തൊഴിലാളികളെയോ തൊഴിലാളി സമിതികളെയോ ഏൽപ്പിക്കണം. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളോട് സർക്കാർ നീതി കാട്ടണം'

(അജികുമാർ ഇലിപ്പക്കുളം, മുൻ ഷാപ്പ് തൊഴിലാളി)