dd

ആലപ്പുഴ : തെരുവുനായ നിയന്ത്രണത്തിനായി കൊണ്ടു വന്ന വന്ധ്യംകരണ പദ്ധതി വിജയത്തിലെത്താത്തതോടെ നാട്ടിലെങ്ങും നായകളുടെ ശല്യം രൂക്ഷമായി. ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിന് ജനങ്ങൾ ഇരയാകാത്ത ഒരു ദിവസം പോലുമില്ല. 4485 പേരാണ് ജില്ലയിൽ ഈ വർഷം തെരുവുനായയുടെ ആക്രമണത്തിനിരയായത്.

എല്ലാ താലൂക്കുകളിലും തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് താലൂക്കുകളിൽ മാത്രമാണ് പ്രാവർത്തികമായത്.

ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽപ്പോലും വന്ധ്യംകരണ കേന്ദ്രം തുടങ്ങിയിട്ടില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തെരുവ് നായ വന്ധ്യംകരണ പദ്ധതി ജില്ലാ കുടുംബശ്രീ മിഷൻ ഏറ്റെടുത്തെങ്കിലും ഇതിന്റെ പ്രവർത്തനത്തിലും ഫണ്ടിന്റെ തടസമുണ്ട്.

ദേശീയ പാതകളിലും ഇടറോഡുകളിലും നായ്ക്കളുടെ ശല്യം കാരണം നടന്നോ ഇരുചക്രവാഹനങ്ങളിലോ യാത്രപോകാനാവാത്ത അവസ്ഥയാണ്. ചിറക്കടവം, പുള്ളിക്കണക്ക്,കൊറ്റുകുളങ്ങര,കന്നീശാകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിൻെറ പലഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

അരൂർ,എഴുപുന്ന,കോടംഎഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചു. റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും നായകൾ ഭീഷണിയാണ്.

തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതും തിരിച്ചടിയാകുന്നു. 7 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയിൽ രണ്ടുപേർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനളുടെ പ്രതിനിധികളായിരിക്കണം. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകളില്ല.

ഈ വർഷം

# തെരുവ് നായ്ക്കളുടെ കടിയേറ്റവർ ......................4485

# വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണം .......2058

കുട‌ുംശ്രീയുടെ റോൾ

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജില്ലയിൽ തെരുവുനായകളുടെ വന്ധ്യംകരണം നടത്തുന്നത്.

കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലുമാണ് എ.ബി.സി പദ്ധതി നടപ്പാക്കിയിട്ടുള്ളത്. രണ്ടിടത്തും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്. കണിച്ചുകുളങ്ങരയിലെ വന്ധ്യംകരണ യൂണിറ്റിനെക്കാൾ സൗകര്യം കുറവാണ് മാവേലിക്കരയിൽ. കണിച്ചുകുളങ്ങരയിൽ 6 വെറ്ററിനറി ഡോക്ടർമാരുള്ളപ്പോൾ മാവേലിക്കരയിൽ രണ്ടുപേർ മാത്രം. കുടുംബശ്രീ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്.

ഫണ്ട് തുച്ഛം

95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും വദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. എന്നാൽ ഇതിൽ കൂടുതൽ നായകൾ പ്രദേശത്ത് കാണും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കുടുംബശ്രീ മിഷൻ ഏറ്റെടുത്തത്.

2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നത്.

''വന്ധ്യംകരണ യൂണിറ്റുകൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനായി ഫണ്ട് അനുവദിക്കുന്നത്. ഭാവിയിൽ തെരുവുനായകളുടെ എണ്ണം കുറയും

-സി.പി.സുനിൽ,കുടുംബശ്രീ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ