agt

കുട്ടനാട്: കഴിഞ്ഞ വർഷത്തെ രണ്ടാംകൃഷി പ്രളയം കവർന്നെങ്കിലും ഇക്കുറി പുഞ്ചയിലൂടെ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ കുട്ടനാടൻ കർഷകർ വീണ്ടും രണ്ടാംകൃഷിക്കൊരുങ്ങുന്നു.

മുൻവർഷങ്ങളിൽ നിന്ന് രണ്ടാംകൃഷി ഇക്കുറി കൂടുതൽ ഭാഗങ്ങളിലേക്കു വികസിച്ചിട്ടുണ്ട്. ചമ്പക്കുളം, രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ പരിധിയിൽ വരുന്ന രാമങ്കരി, മുട്ടാർ,തലവടി,എടത്വ, കാവാലം,പുളിങ്കുന്ന്, കൈനകരി, നെടുമുടി, ചമ്പക്കുളം കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി ഇറക്കുന്നത്. ഇത്തവണത്തെ പുഞ്ച സീസണിൽ ഏക്കറിന് 35 മുതൽ 40 ക്വിൻറൽ വരെ നെല്ല് ലഭിച്ചിരുന്നു. ഏതാനും വർഷങ്ങളായി നഷ്ടത്തിലായിരുന്ന പല പാടശേഖങ്ങളിലും ഇക്കുറി കനത്ത വിളവാണ് ലഭിച്ചത്.

# പ്രളയ വഴിയിലെ കൊയ്ത്ത്

പ്രളയത്തെ തുടർന്ന് പാടങ്ങളിലെ പുളിമയം കുറഞ്ഞതും എക്കൽ അടിഞ്ഞ് കൂടി വളക്കൂറ് വർദ്ധിച്ചതുമാണ് കനത്ത വിളവിന് വഴിയൊരുക്കിയത്. ഇതിന്റെ തുടർഫലങ്ങൾ രണ്ടാംകൃഷിയിലും പ്രതിഫലിക്കുമെന്നാണ് കർഷകരുടെ വിശ്വാസം. കാലവർഷം ചതിച്ചില്ലെങ്കിൽ ഈ പ്രതീക്ഷ അസ്ഥാനത്താവില്ല.

..................................

7000 ഹെക്ടർ: മുൻ വർഷങ്ങളിലെ രണ്ടാംകൃഷി

10,000 ഹെക്ടർ: ഇക്കുറി ലക്ഷ്യമിടുന്നത്

400: കുട്ടനാടൻ പാടശേഖരങ്ങളുടെ എണ്ണം

.....................................

'ഇക്കുറി രണ്ടാം കൃഷിയിലും പ്രതീക്ഷയുണ്ട്. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ പുഞ്ചയിൽ മികച്ച വിളവ് ലഭിച്ചത്. പ്രളയത്തിലൂടെ മണ്ണിനുണ്ടായ വളക്കൂറ് നഷ്ടപ്പെട്ടിട്ടില്ല. ഇതാണ് ഞങ്ങളുടെ ആത്മവിശ്വാസം'

(കർഷകർ)