ഹരിപ്പാട്: പതിനേഴുകാരനായ പ്ളസ് ടു വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജസിദ്ധൻ പിടിയിലായി. പത്തനാപുരം പുന്നല ചാലുവിള വീട്ടിൽ അബ്ദുൽ കരീമിനെയാണ് (40)തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി പാനൂർ,തോട്ടപ്പള്ളി ഭാഗങ്ങളിലെ വീടുകളിൽ പ്രാർത്ഥനയും മന്ത്രവാദവും നടത്തി വരികയായിരുന്നു അബ്ദുൾ കരീം. പതിനേഴുകാരന്റെ പിതാവ് കഴിഞ്ഞ ദിവസം തോട്ടപ്പള്ളിയിൽ വച്ച് ഇയാളെ പരിചയപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്നലെ രാവിലെ പത്തോടെ പാനൂരിലുള്ള വീട്ടിൽ ഇയാൾ എത്തിയപ്പോൾ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പതിനേഴുകാരനെ പ്രാർത്ഥനക്കായി മുറിയിൽ വിളിച്ചിരുത്തുകയും പിന്നീട് ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. അമ്മയും അനുജത്തിയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളു. വിദ്യാർത്ഥി അമ്മയോട് വിവരം പറയുന്നതിനിടയിൽ ഇയാൾ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഡാണാപ്പടിയിൽ നിന്ന് പിടികൂടി ഹരിപ്പാട് പൊലീസിനെ ഏല്പിച്ചു. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിന് കൈമാറി.