photo

ചേർത്തല:ആതുരസേവന മേഖലയിലെ മികവിന് ജനകീയ ഡോക്ടർക്ക് ഡോക്ടേഴ്സ് ദിനത്തിൽ കുരുന്നുകളുടെ ആദരവ്.ആരോഗ്യ വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച മുഹമ്മ ഷറഫ് വില്ലയിൽ ഡോ.കെ.എം.സിറാബുദ്ദീനാണ് മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ കബ്ബ് ആൻഡ് ബുൾബുൾസ് കേഡറ്റുകളുടെ സ്നേഹാദരവ് ഏറ്റുവാങ്ങിയത്.സ്കൂൾ-കോളേജ് പഠനകാലത്ത് ദാരിദ്ര്യത്തിന്റെ നാൾ വഴികളിലൂടെ കടന്നു പോയ കെ.എം.സിറാബുദ്ദീൻ പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് തരണം ചെയ്താണ് ഡോക്ടറായി തീർന്നത്. ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിൽ ഡി.എം.ഒ,ജില്ലാ ടി.ബി.ഓഫീസർ,എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വിരമിച്ച ശേഷം എൽ.എൽ.ബി പരീക്ഷയിൽ മികച്ച വിജയം നേടി.തിരുവനന്തപുരം നഗരകാര്യാലയത്തിൽ ജോയിന്റ് ഡയറക്ടറായ ഡോ.ഉമ്മു സെൽമയാണ് ഭാര്യ:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥി സൽമാൻ,മൂന്നാം വർഷ ബി.ആർക്ക് വിദ്യാർത്ഥിനി സറീന എന്നിവർ മക്കളാണ്.

കബ് മാസ്റ്റർ മുഹമ്മദ് റാഫി,ഫ്ലോക്ക് ലീഡർ വി.എ.ജിനുമോൾ,കേഡറ്റ് ലീഡർമാരായ നിഷാൽ,അഭിനന്ദ എന്നിവർ ചേർന്ന് ഡോക്ടറെ പൊന്നാടയണിയിച്ചു.ഡോ.ആർ.രജിത്ത്കുമാറിന്റെ ജീവിത വിജയത്തിലേയ്ക്ക് എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്ക്ക് നൽകിയാണ് ഡോക്ടർ കുരുന്നുകളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.