ആലപ്പുഴ : ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ കൊട്ടിഘോഷിച്ച് ആരംഭിച്ച മെഗാടൂറിസം സർക്യൂട്ട് പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി. സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പദ്ധതി പൂർത്തിയാകാതിരിക്കാൻ പ്രധാന കാരണം. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പല കെട്ടിടങ്ങൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചിട്ടില്ല.
കോടികൾ ചെലവിട്ട് വിവിധയിടങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങളും ഹൗസ്ബോട്ട് ടെർമിനലുകളും കാടുകയറി നശിക്കുകയാണ്. 52.25 കോടിരൂപയുടെ പദ്ധതിക്കാണ് 2014 ൽ ഭരണാനുമതി നൽകിയത്. നിർമ്മാണം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ അഞ്ചു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
അരൂക്കുറ്റി മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ടാണ് പദ്ധതി തയ്യാറാക്കിയത്. അരൂക്കുറ്റി, തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി,കഞ്ഞിപ്പാടം,തോട്ടപ്പള്ളി,കായംകുളം എന്നിവിടങ്ങളിൽ ഹൗസ്ബോട്ട് ടെർമിനലായിരുന്നു പ്രധാന ആകർഷണം. നിലവിൽ പുന്നമടയിൽ മാത്രമാണ് ടെർമിനലുള്ളത്.
മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ബണ്ടിനു സമീപം നിർമ്മിച്ച ഹൗസ് ബോട്ട് ടെർമിനൽ ഇതുവരെ പൂർണമായും സജ്ജമായിട്ടില്ല. ഇവിടെ ഒരേസമയം 5 ഹൗസ് ബോട്ടുകൾക്ക് നങ്കൂരമിടാം. ടോയ്ലറ്റ്,ബോട്ട് അടുക്കാനുള്ള ജെട്ടി, വ്യൂ പവലിയൻ,ലഘുഭക്ഷണ ശാല ഉൾപ്പടെയുള്ള സംവിധാനങ്ങളുമുണ്ട്.
.
#ബോട്ടുകൾക്ക് നങ്കൂരമിടാം
നെടുമുടി ടെർമിനലിൽ രാത്രിയും പകലും 40 ബോട്ടുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 7 ടെർമിനലുകളും രാത്രിയിൽ നങ്കൂരമിടാനുള്ള രണ്ടു ടെർമിനലുകളും
അർത്തുങ്കൽ,തോട്ടപ്പള്ളി എന്നിവിടങ്ങളിൽ കടൽത്തീരവുമായി ബന്ധപ്പെട്ട് 21 സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കും
മുഹമ്മ ,അരൂക്കുറ്റി എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നതിനാൽ കെട്ടിടങ്ങൾ നശിക്കുന്നു .
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
ലക്ഷ്യം
കായലോര വിനോദസഞ്ചാരം ഒറ്റശൃംഖലയായി കോർത്തിണക്കി അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മെഗാ ടൂറിസം പദ്ധതി
ആകെ തുക ................ 52.25 കോടി
47.63 കോടി രൂപ കേന്ദ്ര സഹായം
4.62 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം
7 ഹൗസ് ബോട്ട് ടെർമിനലുകൾക്ക് 13 കോടി
2 രാത്രി ഹാൾട്ട് ടെർമിനൽക്ക് 13 കോടി
നാല് മൈക്രോ ഡെസ്റ്റിനേഷനുകളുടെ വികസനം...... 5.54 കോടി
രണ്ട് ബീച്ചുകളുടെ വികസനം...........................2.62 കോടി
ടൂറിസം സർക്യൂട്ട് കേന്ദ്രമായ ആലപ്പുഴയുടെ ടൗൺവികസനം ....... 12.14 കോടി
പദ്ധതി പ്രദേശത്തെ പാരിസ്ഥിതിക വികസന പ്രവർത്തനങ്ങളും സംരക്ഷണവും ...............1.40 കോടി
'' മെഗാടൂറിസം സർക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് പരിഹരിക്കും. ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കും. കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്.
(അദീല അബ്ദുള്ള,ജില്ലാകളക്ടർ)