psclogo

# വനിതകൾക്ക് ലഭിക്കുന്നത് അകലെയുള്ള കേന്ദ്രങ്ങൾ

പൂച്ചാക്കൽ: പി.എസ്.സി പരീക്ഷ എഴുതുന്ന വനിതകൾക്ക് അതത് താലൂക്കുകളിൽത്തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന പി.എസ്.സി വാഗ്ദാനം വെറുതെയാവുന്നു. രണ്ടും മൂന്നും ബസുകളിൽ കയറി കേന്ദ്രങ്ങളിൽ എത്തേണ്ട അവസ്ഥയാണ് ഒട്ടുമിക്ക പരീക്ഷകളിലും വനിതകൾക്കുണ്ടാകുന്നത്.

കഴിഞ്ഞ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ ജില്ലയുടെ വടക്കൻ മേഖലയിലുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേർക്കും ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലെ സ്കൂളുകളാണ് കേന്ദ്രങ്ങളായി ലഭിച്ചത്. തെക്കൻ മേഖലയിലുള്ളവർക്ക് പൂച്ചാക്കൽ, അരൂർ ഭാഗങ്ങളിലെ സ്കൂളുകളും. എന്നാൽ പുരുഷൻമാരിൽ പലർക്കും അടുത്തും അടുപ്പിച്ചുമൊക്കെ പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കുകയും ചെയ്തു. അകലെയുള്ളതും യാത്രാബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നെങ്കിലും വനിതകളെ ഒഴിവാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

....................................

'ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധന മൂലമാണ് സ്വന്തം താലൂക്കിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാതെ വരുന്നത്. വനി​തകൾക്ക് അവരുടെ താലൂക്കിൽ തന്നെ കേന്ദ്രങ്ങൾ നൽകാനാണ് ശ്രമിക്കുന്നത്'

(പി.എസ്.സി അധി​കൃതർ)

.......................................

'യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് മൂന്ന് താലൂക്കുകൾക്കപ്പുറമുള്ള പരീക്ഷാ കേന്ദ്രമാണ് ലഭിച്ചത്. നാല് ബസുകളിലായി നാല് മണിക്കൂറിലേറെ സമയമെടുത്തു എത്തിച്ചേരാൻ. ദീർഘയാത്ര മൂലം അവശരായാണ് പരീക്ഷ എഴുതിയത്'

(വനിതാ ഉദ്യോഗാർത്ഥികൾ, നളന്ദ പി.എസ്.സി കോച്ചിംഗ് സെന്റർ, തൈക്കാട്ടുശേരി)