ചേർത്തല:ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം, തണ്ണീർമുക്കം പഞ്ചായത്ത് ബസ് സ്റ്റാന്റിൽ ഇന്നലെ മുതൽ ബസുകൾ പ്രവേശിച്ചു തുടങ്ങി.കഴിഞ്ഞ വർഷം ജൂലായ്11ന് മന്ത്റി എ.കെ.ശശിന്ദ്രൻ ഉദ്ഘാടനം ചെയ്ത സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ കയറിയിരുന്നില്ല. ആർ.ടി.ഒ ബോർഡിന്റെ അനുമതി ഇല്ലാതെ കയറില്ല എന്നതായിരുന്നു ബസുകാരുടെ നിലപാട്.
നിലവിൽ തണ്ണിർ മുക്കത്ത് മുന്ന് സ്ഥലങ്ങളിലാണ് സ്റ്റോപ്പുള്ളത്. പുതിയ ബസ് സ്റ്റാന്റിന്റെ വരവോടെ ഇത് ഒരു സ്ഥലത്തേക്ക് മാറുന്നു എന്ന പ്രയോജനം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നു. നിലവിൽ ഉള്ള മൂന്നു സ്റ്റോപ്പുകളുടെ 50 മീറ്റർ സമീപത്തായാണ് പുതിയ സ്റ്റാന്റ്.ട്രാൻസ്‌പോർട്ട് അതോറിട്ടി നിർദ്ദേശിച്ച മുപ്പതിൽപരം കാര്യങ്ങൾ പുർത്തിയാക്കിയതോടൊപ്പം കുടുംബശ്രീയുടെ കോഫി ഷോപ്പും ഉടൻ പ്രവർത്തനം തുടങ്ങും. ഷോപ്പിംഗ് മാൾ പണിയുന്നതിന്നുള്ള അംഗീകാരം തേടി പഞ്ചായത്ത് നബാർഡിന് പദ്ധതി സമർപ്പിച്ചു.പൊലീസ് ഔട്ട് പോസ്റ്റ് തുറക്കുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് ജില്ലാ അതോറിറ്റിയുടെ അംഗികാരം ലഭിച്ച ബസ് സ്റ്റേഷനിൽ ബസുകളുടെ ഫ്ലാഗ് ഒഫും ഉദ്ഘാടനവും ആർ.ടി.ഒ ഷിബു കെ.ഇട്ടി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സിന്ധുവിനു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മാരംഗനാഥ്,രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനിതാ മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽ നാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു ,എം.വി.ഐ.മനോജ്, വികസന സമിതിയംഗം സുബ്രമണ്യൻ മൂസത് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി സാജുമോൻ പത്രോസ് സ്വാഗതവും പ്ലാൻ കോ-ഓർഡിനേറ്റർ എ.എം. ജീമേഷ് നന്ദിയും പറഞ്ഞു.