മാന്നാർ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നില്ല
മാന്നാർ :കെ.എസ്.ആർ.ടി.സിയെ തോൽപ്പിക്കാനുള്ള ആവേശത്തിൽ തങ്ങളുടെ സ്റ്റാൻഡിനെ ഉപേക്ഷിച്ച് സ്വകാര്യ ബസുകാർ. മാന്നാർ പഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാൻഡിലാണ് ബസുകൾ കയറാത്തത്. ഫലമോ, ഇവിടെ എത്തുന്ന യാത്രക്കാർ ബസ് കിട്ടാതെ മണിക്കൂറുകളോളം നിൽക്കേണ്ടിവരും.
കായംകുളം - തിരുവല്ല സംസ്ഥാന പാതയിൽ സ്റ്റോർ ജംഗ്ഷനിൽ നിന്ന് അകത്തോട്ട് കയറി മാന്നാർ -പുലിയൂർ റോഡിനരികിലാണ് ബസ് സ്റ്റാൻഡ്. കായംകുളം- തിരുവല്ല റൂട്ടിൽ നിരവധി കെ.എസ്.ആർ.ടി ബസുകളാണ് സർവീസ് നടത്തുന്നത്. ഇവരോട് മത്സരിച്ചോടുന്നതിനിടെ സ്റ്റാൻഡിൽ കയറി വരുമ്പോൾ വൈകുമെന്ന കാരണത്താലാണ് സ്വകാര്യ ബസുകൾ സ്റ്റോർ ജംഗ്ഷനിൽ നിന്ന് തിരിയാതെ നേരേ പോകുന്നത്. അമിതവേഗതയിലാണ് സ്വകാര്യ ബസുകളുടെ സഞ്ചാരമെന്നും ആക്ഷേപമുണ്ട്. സമയക്ലിപ്തത പാലിക്കാതെയും അമിത വേഗതത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുന്നതായി നാട്ടുകാർ ആരോപിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾ കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് തടഞ്ഞു.സ്ഥലത്തെത്തിയ പൊലീസ് ബസുകൾ സ്റ്റാൻഡിലേക്ക് തിരിച്ചു വിട്ട ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.
'' സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടകരമായും അശ്രദ്ധമായും സമയക്രമം പാലിക്കാതെയും സ്റ്റാൻഡിൽ കയറ്റാതെയും വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കും
ജോസ് മാത്യു ,മാന്നാർ സി.ഐ
കെ.എസ്.ആർ.ടി.സി ബസുകളും
കയറണം: സ്വകാര്യ ബസ് ഉടമകൾ
സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധം പിടിക്കുന്നവർ കെ.എസ്.ആർ.ടി.സി ബസുകളും ഇവിടെ കയറുന്നതിന് നടപടിയെടുക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു.
മുമ്പ് കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽകയറിയിരുന്നു. പിന്നീട് ഇതു നിറുത്തി. കെ.എസ്.ആർ.ടി.സി ബസുകൾ കയറാതായതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. പ്രധാന പാതയിൽ നിന്ന് മാറിയുളള സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറ്റുന്നത് ഇന്ധന നഷ്ടവും സമയ നഷ്ടവും ഉണ്ടാക്കുമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു..