# വീടുനിർമ്മാണം മുടങ്ങിയവർക്ക് നഗരസഭയുടെ അരലക്ഷം വീതം
ആലപ്പുഴ: മുൻകാല പദ്ധതികൾ പ്രകാരം ധനസഹായം ലഭിച്ചിട്ടും വീടു നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങെന്ന നിലയിൽ നഗരസഭ, തിരിച്ചടവ് ആവശ്യമില്ലാത്ത 50,000 രൂപ വീതം നൽകും. ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കാണ് ആനുകൂല്യം. ലൈഫ് മിഷൻ പദ്ധതിയിലുള്ളവർക്ക് ഈ തുക ലഭിക്കില്ല.
ബാംബെ, ഇ.എം.എസ് ഭവന പദ്ധതി, സ്ത്രീ ഘടകം എന്നീ പദ്ധതികളിൽ വീടിനുള്ള ധനസഹായം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം വർഷങ്ങളായി പണി പൂർത്തീകരിക്കാത്ത കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അനുമതി ലഭ്യമായതോടെ ഈ മാസം അവസാനത്തോടെ നടപടികൾ ആരംഭിക്കും.
ഓഖി മുതൽ കടലോര മേഖലയിലുള്ള മത്സ്യത്തൊഴിലാളികൾ ഏറെ ദുരിതത്തിലാണ്. ജില്ലയിൽ മത്സ്യസമ്പത്ത് കുറഞ്ഞതോടെ തൊഴിലാളികൾക്ക് ജോലിയും കുറഞ്ഞു. ഇക്കാരണത്താലാണ് മറ്റ് വിഭാഗക്കാരെ ഇതിൽ ഉൾപ്പെടുത്താതെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാത്രം തിരഞ്ഞെടുത്തത്. അർഹരായ കുടുംബങ്ങൾക്ക് നടപടിക്രമം പൂർത്തിയാക്കിയാലുടൻ പണം ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരസഭ പരിധിയിലുള്ള എട്ടു വാർഡുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വീട് പൂർത്തിയാകാത്തവരെ കൂടാതെ കെട്ടിട നമ്പർ കിട്ടാത്തവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നമ്പർ കിട്ടാത്തവർക്ക് നഗരസഭ ഉദ്യോഗസ്ഥർ നമ്പർ ക്രമപ്പെടുത്തും. തീരദേശത്ത് കെട്ടിട നമ്പർ കിട്ടാത്തതിനാൽ പല വീടുകളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല.
....................................
# 50,000: ലഭ്യമാക്കുന്ന ധനസഹായം
# 8: പരിധിയിൽ വരുന്ന വാർഡുകൾ
............................
# പണം ലഭിക്കുന്ന വാർഡുകൾ
വാടയ്ക്കൽ, ഗുരുമന്ദിരം, ബീച്ച്, റെയിൽവേ സ്റ്റേഷൻ, സിവ്യു, മംഗലം, തുമ്പോളി, കാഞ്ഞിരംചിറ
.........................................
'അതത് കൗൺസിലർമാരാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്. വാർഡ് സഭ കൂടി കൗൺസിലർമാർ മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ സ്വീകരിക്കും. അർഹതപ്പെട്ടവരുടെ പേരുവിവരം നഗരസഭയിൽ നൽകണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി ലഭ്യമാക്കും'
(നഗരസഭ അധികൃതർ)