# 4.5 കോടിയുടെ പദ്ധതി ത്രിശങ്കുവിൽ

ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ആഴം വർദ്ധിപ്പിക്കൽ ചുവപ്പുനാടയിൽ കുരുങ്ങി.

സ്പിൽവേ പാലത്തിനും ലീഡിംഗ് ചാനലിനും ഇടയിലുള്ള ഭാഗത്തെ മണൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കാൻ കഴിഞ്ഞ സെപ്തംബറിൽ ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം 4.5 കോടിയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചെങ്കിലും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചില്ല. പാലത്തിനും പൊഴിമുഖത്തിനും ഇടയിലെ മണൽ നീക്കം ചെയ്ത് ആഴം കൂട്ടാൻ ജലസേചന വകുപ്പ് മറ്റൊരു പദ്ധതിയും സമർപ്പിച്ചിരുന്നു. ഇത് ടെൻഡർ നടപടിയിലാണ്. മണലും ചെളിയും അടിഞ്ഞു കൂടിയതിനാൽ സ്പിൽവേയിൽ ആദ്യകാലത്ത് ഉണ്ടായിരുന്നതിന്റെ പത്തിലൊന്ന് ഘനമീറ്റർ വെളളം പോലും ഇപ്പോൾ കടലിലേക്ക് ഒഴുകുന്നില്ല. പദ്ധതി നടപ്പായില്ലെങ്കിൽ അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ കൃഷിയും താഴ്ന്ന ഭാഗങ്ങളിലെ വീടുകളും വെള്ളപ്പൊക്ക കാലത്ത് മുങ്ങും.

..................................................

# 3.17 ലക്ഷം ടൺ: വീയപുരം- തോട്ടപ്പള്ളി പൊഴിമുഖം ആഴം വർദ്ധിപ്പിക്കാൻ നീക്കം ചെയ്യേണ്ട മണൽ

# 1.41 ലക്ഷം ടൺ: ഇത്രയും മണൽ നീക്കാൻ മെക്കാനിക്കൽ വിഭാഗം സമർപ്പിച്ച പദ്ധതിക്ക് അനുമതിയില്ല

# 5 ലക്ഷം: തകരാറിലായ 12 ഷട്ടറുകളിൽ വൈദ്യുതി എത്തിക്കാൻ 5 ലക്ഷം രൂപയുടെ അനുമതി

...................................................

'കാലവർഷം മുന്നിൽക്കണ്ട് പൊഴിമുഖത്ത് 200 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 3.5 മീറ്റർ താഴ്ചയിലും ചാൽ വെട്ടിയിട്ടുണ്ട്. പൊഴിമുഖത്തെ കരിമണൽ നീക്കം ചെയ്യാൻ കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടുണ്ട്. ഈ ഭാഗത്തെ കാറ്റാടിമരങ്ങൾ വെട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസാണ് തടസമായി നൽക്കുന്നത്'

(ഹരി, മെക്കാനിക്കൽ എൻജിനിയർ, ജലസേചന വകുപ്പ്)