ആലപ്പുഴ: വിദേശത്ത് നിന്ന് മരുന്നുകൾക്കുള്ള ഓർഡറുകൾ വർദ്ധിച്ചതോടെ 'ആരോഗ്യ വകുപ്പിന്റെ അടുക്കള'യെന്ന് അറിയപ്പെടുന്ന സർക്കാർ ഔഷധ നിർമ്മാണ ശാലയായ കലവൂർ കെ.എസ്.ഡി.പി (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്) കുതിപ്പിലേക്ക്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4.98 കോടി നഷ്ടത്തിലായിരുന്ന കമ്പനി ഇപ്പോൾ 4.86 കോടി ലാഭത്തിലായി. നൈജീരിയ, ഉഗാണ്ട, സിംബാബ്‌വേ തുടങ്ങിയ എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് മരുന്നുകൾക്ക് പുതുതായി ഓർഡർ കിട്ടിയത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ മരുന്നു വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന് വേണ്ട ഔഷധങ്ങളുടെ 62 ശതമാനവും ഇപ്പോൾ ഉത്പാദിപ്പിക്കുന്നത് കെ.എസ്.ഡി.പിയാണ്. നേരത്തേ ഇതിന്റെ പകുതിയിൽ താഴെയായിരുന്നു ഉത്പാദനം. നിലവിൽ നൂറിലധികം മരുന്നുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ലൈസൻസുള്ള 240 ലധികം മരുന്നുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
32.15 കോടി രൂപ ചെലവിട്ട് 2018-19ൽ സ്ഥാപിച്ച നോൺ ബീറ്റാലാക്ടം പ്ളാന്റിൽ സർക്കാർ ആശുപത്രികൾക്കാവശ്യമായ 158 ഇനം മരുന്നുകളാണ് നിർമ്മിക്കുന്നത്. ഒരു വർഷം 250 കോടി ഗുളികകളും അഞ്ച് കോടി കാപ്‌സ്യൂളുകളും നിർമ്മിക്കാൻ പ്ലാന്റിന് ശേഷിയുണ്ട്.
വിതരണക്കാർക്കും കടിഞ്ഞാൺ
1945ലെ ഡ്രഗ്സ് ആൻഡ് കോസ്‌മറ്റിക് ആക്ട് പ്രകാരം മരുന്ന് കമ്പനികൾക്ക് മാത്രമേ മരുന്നിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നുള്ളൂ. ഇനി വിതരണക്കാരെയും ഉത്തരവാദികളാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുകയാണ്. ഇത് നിലവാരമില്ലാത്ത മരുന്നുകൾ വിതരണം
ചെയ്യുന്നതിൽ നിന്ന് ഏജൻസികളെ പിന്തിരിപ്പിക്കും. അത് സ്വകാര്യ മരുന്ന് കമ്പനികൾക്ക് തിരിച്ചടിയാകും.
ഗുണം കെ.എസ്.ഡി.പിക്ക്
കേരളത്തിൽ വിൽക്കുന്ന മരുന്നുകളിൽ 90 ശതമാനവും ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ എക്സൈസ് ഫ്രീ സോണുകളിലെ സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്നവയാണ്. നിയമഭേദഗതി നടപ്പായാൽ സംസ്ഥാനത്തെ ഓപ്പൺ വിപണിയിലെയും മെഡിക്കൽ സർവീസസ് കോർപറേഷന്റെയും കൂടുതൽ ഓർഡറുകളും കെ.എസ്.ഡി.പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷ.
2015-16: നഷ്ടം 4.28 കോടി
2016-17: നഷ്ടം 4.29 കോടി
2018-19: ലാഭം 4.86 കോടി
ആഫ്രിക്കൻ രാജ്യങ്ങളിലേക്കും
1. നൈജീരിയ
2. ഉഗാണ്ട
3. കെനിയ
4. ടാൻസാനിയ
5. നമീബിയ
6. ഘാന
7. സെനഗൽ
8. സിംബാബ് വേ
'ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയ വിദേശരാജ്യങ്ങളിലും രജിസ്റ്റർ ചെയ്യണം. ഇതിനായി ആ രാജ്യത്തുള്ള മലയാളികളുമായി ധാരണയുണ്ടാക്കി. കെ.എസ്.ഡി.പിയുടെ ഓഫീസും മറ്റ് സംവിധാനങ്ങളും അവർ മുഖേന അവിടെ ഒരുക്കിയാണ് മരുന്നുകൾ വിപണനം നടത്തുക'
(സി.ബി. ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി)