t

ചേർത്തല: മുഹമ്മ-കുമരകം ബോട്ട് ദുരന്തത്തിന്റെ 17-ാം വാർഷികത്തിന് 24 ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേസിലെ ഒന്നാം പ്രതിയായ സ്രാങ്ക് ആലപ്പുഴ സ്വദേശി മണി, രണ്ടാം പ്രതി ബോട്ട് മാസ്റ്റർ മുഹമ്മ കായിപ്പുറം സ്വദേശി ദേവാനന്ദൻ, മൂന്നാം പ്രതി എൻജിൻ ഡ്രൈവർ ജലാലുദ്ദീൻ എന്നിവരെ കോട്ടയം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടതെന്നത് യാദൃശ്ചികമായി.

2002 ജൂലായ് 27 ന് രാവിലെ 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ജലഗതാഗത വകുപ്പിന്റെ എ 53-ാം നമ്പർ ബോട്ട് കുമരകത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് അപകടത്തിൽപ്പെട്ടത്. ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടായിരുന്നു ഇത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ കോട്ടയത്തേക്കു പോയ ഉദ്യോഗാർത്ഥികളും രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ അധികവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു.

ജീവനക്കാരെ മാത്രം പ്രതിയാക്കിയാണ് കുമരകം പൊലീസ് ആദ്യം കേസെടുത്തത്. സംഭവം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. ചെറിയ മീനുകൾ വലയിൽ കുടുങ്ങുകയും സ്രാവുകൾ വലതകർത്തു പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പ്രത്യേകം പറഞ്ഞിരുന്നു. റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന ഒരു നഷ്ടപരിഹാരവും നൽകിയിട്ടില്ല. ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ട് ഓടിക്കാൻ അനുമതി കൊടുത്ത വാട്ടർ ട്രാൻസ്പോർട്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ സ്വദേശിയായ അഡ്വ.കെ.ബി. അനിൽകുമാർ കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ചീഫ് ബോട്ട് ഇൻസ്പെക്ടർ നിസാമുദ്ദീനെ നാലാം പ്രതിയാക്കി 2007ൽ അന്തിമ റിപ്പോർട്ട് നൽകി. ഒന്നുമുതൽ 3 വരെയുള്ള പ്രതികൾ കേസിന്റെ എല്ലാ അവധികളിലും കൃത്യമായി ഹാജരായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ഇവർക്ക് അന്തിമ വിധിയാകാത്തതിനെ തുടർന്ന് വിരമിക്കൽ ആനൂകൂല്യങ്ങളൊന്നും പൂർണമായും നൽകിയിട്ടില്ല.

.......................................

@ അപകടച്ചുരുക്കം

# മരണസംഖ്യ 29

# 15 സ്ത്രീകൾ, 13 പുരുഷൻമാർ, പിഞ്ചുകുഞ്ഞ്

# മൂന്നുപേർ വീതം രണ്ടു കുടുംബത്തിലെ ആറുപേർ

# ബോട്ടിലുണ്ടായിരുന്നത് ഇരുന്നൂറോളം പേർ

# ബോട്ടിന് ഉൾക്കൊള്ളാവുന്നത് നൂറോളം പേരെ

# ആദ്യം സാക്ഷികൾ 291

# വെട്ടിക്കുറച്ച ശേഷം 265

.........................................

 റിപ്പോർട്ട് അവഗണിച്ചു


ബോട്ട് സർവീസ് യോഗ്യമല്ലെന്ന് കാട്ടി മാസങ്ങൾക്ക് മുമ്പേ ബോട്ട് മാസ്റ്റർ രാജൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പ്രതികൾക്ക് വേണ്ടി അഡ്വ.വി.മോഹൻദാസ്, കെ.ബി.അനിൽകുമാർ, വർഗീസ് മാത്യു എന്നിവർ ഹാജരായി.