ambalapuzha-news

 രോഗികൾക്കും അപകടത്തിൽപ്പെട്ടെത്തുന്നവർക്കും ദുരിതത്തിൽ

 സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം

അമ്പലപ്പുഴ : യന്ത്രത്തകരാർ കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി.ടി സ്കാനിംഗ് സെന്റർ പ്രവർത്തിക്കാതായിട്ട് മൂന്ന് ദിവസം പിന്നിട്ടതോടെ രോഗികൾ ദുരിതത്തിൽ.

ഇവിടെ യന്ത്രം അടിക്കടി തകരാറിലാകുന്നതായി പരാതിയുണ്ട്. തകരാറിലായാൽ ദിവസങ്ങൾ കഴിഞ്ഞാണ് പ്രവർത്തനം പുനരാരംഭിക്കുക. സ്വകാര്യ ലോബിയെ സഹായിക്കാനാണ് യന്ത്രത്തകരാർ വേഗം പരിഹരിക്കാത്തതെന്ന് രോഗികൾ ആരോപിക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ യന്ത്രം പ്രവർത്തനരഹിതമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.

യന്ത്രത്തിന്റെ ട്യൂബ് തകരാറിലാകുന്നതാണ് കാരണമെന്ന് അധികൃതർ പറഞ്ഞു.

ജില്ലാ കാൻസർ കെയർ സൊസൈറ്റിയുടെ കീഴിലുള്ള സ്കാനിംഗ് സെന്ററിലെ യന്ത്രത്തിന് പത്ത് വർഷത്തോളം പഴക്കമുണ്ട്. അപകടത്തിൽപ്പെട്ടും മറ്റും അത്യാസന്ന നിലയിലെത്തുന്ന രോഗികളെ സ്കാനിംഗിംന് വിധേയമാക്കണമെങ്കിൽ ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലോ ആലപ്പുഴ ജനറൽ ആശുപത്രിയിലോ കൊണ്ടു പോകേണ്ടിവരും. ഇവിടുള്ളതിന്റെ ഇരട്ടിയിലധികമാണ് സ്വകാര്യ സ്ഥാപനങ്ങളിൽ റേറ്റ്.

വരുത്തി വയ്ക്കുന്ന

'അത്യാഹിതം"

യന്ത്രം തകരാറിലായ വിവരം അത്യാഹിത വിഭാഗത്തിൽ അറിയിച്ചിട്ടും അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ സ്‌കാനിംഗിനായി സെന്ററിലേയ്ക്ക് വിടുന്നുണ്ടെന്ന് പറയപ്പെടുന്നു.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടെത്തിയ യുവാവിന്റെ തുടർചികിത്സ സ്കാനിംഗ് വൈകിയതിനെത്തുടർന്ന് നീണ്ടുപോയി. ഒടുവിൽ ബന്ധുക്കളെത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റുകയുമായിരുന്നു.

കാർഡ് പ്രതീക്ഷിച്ചാൽ

കാര്യം ഗോപി !


ആരോഗ്യ ഇൻഷ്വറൻസ് ഉള്ള രോഗികൾക്ക് സ്കാനിംഗിനുള്ള തുക ഇൻഷ്വറൻസ് കാർഡിൽ നിന്ന് വകവെക്കുമെന്നതിനാൽ പലരും പണം കരുതാതാതെയാണ് സി.ടി സ്കാനിംഗ് സെന്ററിൽ എത്തുന്നത്. എന്നാൽ സ്കാനിംഗ് സെന്റർ പ്രവർത്തിക്കുന്നില്ലെന്നറിയുന്നതോടെ ഇവരുടെ വഴി അടയും.

1200 - തലയുടെ ഭാഗം സ്കാൻ ചെയ്യാൻ 1200 രൂപയാണ് ഇവിടെ ചാർജ്

2500 - രൂപ മുതലാണ് സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ ഈടാക്കുന്നത്

50 - ദിവസേന കുറഞ്ഞത് അമ്പത് പേരെങ്കിലും അപകടങ്ങളിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താറുണ്ട്.

75 - പ്രതിദിനം 75 പേരുടെ സ്കാനിംഗ് ഇവിടുത്തെ സ്കാനിംഗ് സെന്ററിൽ നടത്താറുണ്ട്

''തകരാറിലായ ട്യൂബിന് പകരം കൊണ്ടുവരേണ്ടത് ഡൽഹിയിൽ നിന്നാണ്. ഇതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം

സ്കാനിംഗ് സെന്റർ അധികൃതർ

'' പുതിയ യന്ത്രം സ്ഥാപിക്കുന്നതിനായി 2013 ൽ സർക്കാർ അരക്കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതിന്റെ നടപടിീൾ വൈകിപ്പിക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന സംശയമുണ്ട്. ആശുപത്രിയിൽ ഒരു സ്കാനിംഗ് യന്ത്രം കൂടി അടിയന്തരമായി സ്ഥാപിക്കണം

- യു.എം.കബീർ, ബ്ലോക്ക് പഞ്ചായത്തംഗം