അമ്പലപ്പുഴ : വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടന്ന വൃദ്ധയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട.അദ്ധ്യാപിക അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം ചിത്രയിൽ സുലോചനയെയാണ് (88) ഇന്നലെ രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ വാക്കറിന്റെ സഹായത്തോടെ നടന്നിരുന്ന സുലോചന രാത്രിയിൽ തെന്നി വീണതാകാമെന്ന് കരുതുന്നു.
സുലോചനയെ സഹായിക്കാനായി വരുന്ന സ്ത്രീ ഇന്നലെ രാവിലെ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ അറിയിച്ചതിൻ പ്രകാരം സ്ഥലത്തെത്തിയ അമ്പലപ്പുഴ സി.ഐ ബിജു വി നായരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന സുലോചനയെ കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.