ചേർത്തല : സ്കൂൾ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചെമ്പുപാത്രങ്ങളുടെ ശേഖരം. ഒരു നിധികുംഭം,ആറ് വലിയ കുടങ്ങൾ,വെള്ളോടിൽ നിർമ്മിച്ച ഒരു അണ്ടാവ്,ഒരു കലം,രണ്ട് വലിയ വാർപ്പുകൾ എന്നിവയാണ് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വർഷങ്ങൾ പഴക്കമുള്ള വായനശാല കെട്ടിടം പൊളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കിട്ടിയത്.
സ്കൂൾ പ്രധാനാദ്ധ്യാപിക പി.ജമുനാദേവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർത്തല നഗരസഭയും മുൻകൈയെടുത്ത് ചെമ്പുപാത്രങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറാൻ നടപടി സ്വീകരിച്ചു. കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയം ഇൻ ചാർജ്ജ് കെ.ഹരികുമാർ,എബി പയസ്,പ്രദീപ് കുമാർ എന്നിവർ സ്‌കൂളിലെത്തി പാത്രങ്ങൾ പരിശോധിച്ചു. മൂശാരിമാർ ആലയിൽ നിർമ്മിച്ച പാത്രങ്ങളാണിതെന്നും 150 ഓളം വർഷത്തിന്റെ പഴക്കം കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെടുത്ത പാത്രങ്ങളിൽ നാരായണ എന്ന് ചുണ്ണാമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1896ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ കരപ്പുറത്തെ വീടുകളിൽ നിന്ന് സംഭാവന നൽകിയിട്ടുള്ളതാകാം ഈ പാത്രങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷം കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയത്തിലേയ്ക്ക് പാത്രങ്ങൾ കൊണ്ടുപോകാനാണ് തീരുമാനം. ചേർത്തലയിൽ പുരാവസ്തു വകുപ്പിന് മൂന്നു കേന്ദ്രങ്ങളാണ് നിലവിലുള്ളത്.ഇരയിമ്മൻ തമ്പി സ്മാരകം,ഇട്ടി അച്യുതൻ വൈദ്യർ സ്മാരകം,തൈക്കലിലെ പായ്ക്കപ്പൽ പര്യവേഷണ കേന്ദ്രം എന്നിവ.
ചേർത്തല ശ്രീനാരായണ മെമ്മോറിയൽ
ഗവ.ബോയ്‌സ് എച്ച്.എസ്.എസ്
1896ൽ ആരംഭിച്ചു. ശ്രീനാരായണ ഗുരുദേവൻ സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലവും ഗുരുവിന്റെ നിർദ്ദേശ പ്രകാരം കുറുവേലി പാച്ചുപിള്ളയുടെ നേതൃത്വത്തിൽ സമാഹരിച്ചതുൾപ്പെടെ 13 പ്രമാണങ്ങളിലായി 5 ഏക്കറോളം സ്ഥലത്താണ് സ്കൂളിന്റെ പ്രവർത്തനം. ശ്രീനാരായണ ഗുരുദേവന്റെ പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ സ്കൂളാണ് ഇത്.1994ലാണ് സ്കൂളിന് ഗുരുവിന്റെ പേരിൽ നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറങ്ങിയത്.