bottle

ആലപ്പുഴ: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുന്ന, കുപ്പിയിലെ കുടിവെള്ള വിതരണം കുതിച്ചുയരുമ്പോൾ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുന്നു. ഫലമോ, രോഗാണു ബാധിതമായ കുപ്പിവെള്ളവും ആർ.ഒ പ്ളാന്റുകളിലെ വെള്ളവും 'വിശ്വാസം, അതല്ലേ എല്ലാം' എന്ന വാചകം മന്ത്രിച്ചുകൊണ്ട് കുടിക്കേണ്ട ഗതികേടിലാണ് പൊതുജനം.

കഴിഞ്ഞ നവംബറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് പേരിനൊരു പരിശോധന നടന്നത്. പരിശോധന മുടങ്ങിക്കിടന്ന ആറേഴു മാസത്തിനിടെ എത്ര ലിറ്റർ കുപ്പിവെള്ളം 'ശുദ്ധ'മെന്ന പേരിൽ ജനം കുടിച്ചെന്നതിന് യാതൊരു കണക്കുമില്ല. പ്രളയം കൂടുതൽ ബാധിച്ച കുട്ടനാട്,ചെങ്ങന്നൂർ താലൂക്കുകാർക്ക് ഇപ്പോഴും കമ്പനികളുടെ കുപ്പിവെള്ളമാണ് പ്രധാന ആശ്രയം. ഒപ്പം പ്രാദേശിക തലത്തിലെ കുടിവെള്ള വിതരണക്കാരും. ഭക്ഷ്യസുരക്ഷാ വകുപ്പ് കുപ്പിവെള്ളം പരിശോധനയ്ക്കിറങ്ങുമ്പോൾ ഒരു പിടി കമ്പനികളെങ്കിലും കുടുങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കോട്ടയം തലയോലപ്പറമ്പിൽ അക്വാ ഗ്രീൻ കമ്പനിയുടെ കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ കുപ്പിവെള്ളത്തിന് നിരോധനവും ഏർപ്പെടുത്തി.

ആലപ്പുഴ ജില്ലയിൽ കുപ്പിവെള്ള കമ്പനി ഇല്ലാത്തതിനാൽ മറ്റ് പല ജില്ലകളെയും അന്യ സംസ്ഥാനങ്ങളെയുമാണ് ആശ്രയിക്കുന്നത്. ജില്ലയിൽ കുപ്പിവെള്ളത്തിന് ആവശ്യമേറുന്നതിനാൽ 'ഉഡായിപ്പ്' കമ്പനികൾ പലതും വില്പനക്കാർക്ക് കമ്മിഷൻ കൂടുതൽ നൽകി വെള്ളം എത്തിക്കുന്നുണ്ട്. ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും ഇപ്പോഴും 20 രൂപയാണ് ഈടാക്കുന്നത്. നിർമ്മാതാക്കൾ എട്ടു രൂപയ്ക്കാണ് വിതരണക്കാർക്ക് ഒരു ലിറ്റർ കുപ്പിവെള്ളം നൽകുന്നത്. ഇത് 12 രൂപയ്ക്ക് കടകളിൽ എത്തിക്കുന്നു. എട്ടു രൂപ ലാഭമെടുത്താണ് 20 രൂപയ്ക്ക് ചില്ലറ വില്പന. ഈ കൊള്ളയ്ക്ക് അറുതി വരുത്താൻ ഉത്പാദകർ തന്നെയാണ് രംഗത്തെത്തിയതെങ്കിലും കച്ചവടക്കാർ ഇടയുകയായിരുന്നു.

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവ മുഖേന പൊതുവിപണിയിൽ 20 രൂപയുടെ കുടിവെള്ളം 11 രൂപയ്ക്ക് വിൽക്കുന്നുണ്ട്. ജില്ലയിലെ നാല് ഡിപ്പോകളുടെ അധീനയിലുള്ള മാവേലിസ്റ്റോർ, സൂപ്പർ‌മാർക്കറ്റ് എന്നിവിടങ്ങളിൽ മാസം കുറഞ്ഞത് 1500 വീതം കുപ്പിവെള്ളം വിറ്റ് പോകുന്നുണ്ട്. റേഷൻ കടകൾ വഴി 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചെങ്കിലും ജില്ലയിൽ ഇതുവരെ പദ്ധതി നടപ്പായില്ല.

# ആർ.ഒ പ്ലാന്റ് വെള്ളം

കുടിവെള്ളം കച്ചവടച്ചരക്ക് ആയതോടെ സ്വകാര്യ ആർ.ഒ പ്ലാന്റുകൾ വഴി ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വെള്ളം വിൽക്കുന്നത്. വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഇവിടെ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. അൾട്രാ വയലറ്റ് ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കി ഇറക്കുന്ന വെള്ളമായതിനാൽ ഗുണമേന്മയുള്ളതാണെന്നാണ് ഉടമകളുടെ വാദം

...........................................

# 25: ജില്ലയിൽ കുപ്പിവെള്ളം വിൽക്കുന്ന കമ്പനികൾ

# 1.5 ലിറ്റർ: ഒരു ലിറ്റർ കുപ്പിവെള്ളം നിർമിക്കാൻ വേണ്ട വെള്ളം

# 6 രൂപ: ഒരു ലിറ്ററിന് പരമാവധി ചെലവ്

# 10 രൂപ: നിലവിൽ ഒരു ലിറ്ററിലെ ലാഭം

.........................................

'ജില്ലയിൽ കുപ്പിവെള്ള പരിശോധനയും ആർ.ഒ പ്ലാന്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. ആർ.ഒ പ്ലാന്റുകൾ രണ്ട് മാസം മുമ്പും പരിശോധിച്ചിരുന്നു. നിരോധിച്ച കുപ്പിവെള്ളം വിറ്റാൽ കർശന നടപടി സ്വീകരിക്കും'

(ബി.മധുസൂദനൻ, ഫുഡ് സേഫ്ടി ഓഫീസർ)

.........................................

'ജില്ലയിൽ സപ്ലൈകോ വഴിയുള്ള കുപ്പിവെള്ളം വില്പന ലാഭത്തിലാണ്. 7260 കുപ്പിവെള്ളം ഒാരോ മാസവും വിറ്റ് പോകുന്നുണ്ട്'

(സപ്ലൈകോ റീജണൽ ഒാഫീസ്, കൊച്ചി)

..............................................

'റേഷൻകടകൾ വഴിയുള്ള കുപ്പിവെള്ളം വിതരണം തുടങ്ങിയില്ല. ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നിരുന്നു. ജില്ലയിൽ പദ്ധതി ഉടൻ ആരംഭിക്കും'

(മുരളീധരൻ, ജില്ലാ സപ്ലൈ ഒാഫീസർ)