villageoffice

# പാണാവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം 10ന്

പൂച്ചാക്കൽ: ഉദ്ഘാടകന്റെ സൗകര്യം നോക്കിയിരുന്ന് സമയം പാഴാക്കിയ പാണാവള്ളി സ്മാർട്ട് വില്ലേജ് കെട്ടിടത്തിന്റെ കാലദോഷത്തിന് പരിഹാരമായി. 10ന് വൈകിട്ട് നാലിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ പാണാവള്ളി വില്ലേജ് ഓഫീസ് അടിമുടി സ്മാർട്ടാവും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നിർമ്മാണം പൂർത്തിയാക്കി മാർച്ച് രണ്ടിന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഉദ്ഘാടനം കഴിഞ്ഞ 21ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസ് അധികൃതർ പരിസരം വൃത്തിയാക്കിയും മറ്റും ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉദ്ഘാടകന്റെ സമയം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും മാറ്റിവച്ചു. ഒടുവിൽ ജൂലായ് പത്തിന് നറുക്ക് വീഴുകയായിരുന്നു.

മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്മാർട്ട് വില്ലേജ് ഓഫീസ്' സർക്കാർ ആവിഷ്കരിച്ചത്. ചേർത്തല താലൂക്കിലെതന്നെ പട്ടണക്കാട് വില്ലേജ് ഓഫീസും സ്മാർട്ടാക്കിയിരുന്നു. ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. പാണാവള്ളിയിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിനകത്ത് ജീവനക്കാർക്ക് നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. മൂന്നോ നാലോ പേർ അകത്ത് കടന്നാൽ ഓഫീസ് നിറയും. ഭദ്രമായി സൂക്ഷിക്കേണ്ട ഫയലുകൾ പോലും ശരിയായ രീതിയിൽ വയ്ക്കാൻ ഇടമില്ലായിരുന്നു. പ്രകൃതി ദുരന്ത സമയത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും പ്രവർത്തനക്ഷമമായി ഇരിക്കേണ്ട പ്രധാനപ്പെട്ട ഓഫീസുകളിൽ ഒന്നായ വില്ലേജ് ഓഫീസിന് പുതിയമുഖം കൈവരുന്നതിന്റെ സന്തോഷത്തിലാണ് പാണാവള്ളി നിവാസികൾ.

ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. എ.എം. ആരിഫ് എം.പി, കളക്ടർ ആദീല അബ്ദുള്ള, തഹസിൽദാർ ആർ. ഉഷ എന്നിവർ പങ്കെടുക്കും. ആലോചനാ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡോ.പ്രദീപ് കൂടയ്ക്കൽ അദ്ധ്യക്ഷനായി

..................................................................

സ്മാർട്ട് സൗകര്യങ്ങൾ

# ഫ്രണ്ട് ഓഫീസ്, ടോക്കൺ സംവിധാനം

# നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡ്

# സ്ത്രീകൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിശ്രമമുറി

# ഒരേസമയം ഏഴുപേർക്ക് ഇരുന്ന് ജോലിചെയ്യാൻ പാകത്തിൽ ബാക്ക് ഓഫീസ്

# ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം

# ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം

# ആകർഷകമായ പൂന്തോട്ടം

.............................................................

@ ചെലവ്: 40 ലക്ഷം

@ നിർമ്മാണം: ജില്ലാ നിർമ്മിതി കേന്ദ്രം

............................................