# തീരമേഖലയിലെ ഇടനിലക്കാർക്കെതിരെ ചെറുത്തുനിൽപ്പ്

ആലപ്പുഴ:കടലിനോട് മല്ലടിച്ച് ചോര നീരാക്കി കൊണ്ടുവരുന്ന മീനുകൾ, കാല് നനയാതെ മീൻ പിടിച്ച് മാത്രം ശീലമുള്ള ഒരുകൂട്ടർ റാഞ്ചിയെടുക്കുന്ന 'പരമ്പരാഗത' തട്ടിപ്പിന് തടയിടാൻ മത്സ്യത്തൊഴിലാളികൾ നേരിട്ട് രംഗത്തെത്തിയതോടെ ഇടനില ചൂഷണത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടുതുടങ്ങി. വലയിട്ട് പിടിക്കുന്ന മത്സ്യങ്ങൾ ദേശീയപാതയോരത്തോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ വലയുൾപ്പെടെ കൊണ്ടുവന്ന് കുടഞ്ഞ് മത്സ്യത്തൊഴിലാളികൾ തന്നെ വിൽക്കാൻ തുടങ്ങിയതോടെയാണ് ഇടനിലക്കാർ കളമൊഴിഞ്ഞു തുടങ്ങിയത്. .

ട്രോളിംഗ് നിരോധനമായതിനാൽ ചെറുവള്ളക്കാരും പൊന്ത് വള്ളക്കാരുമാണ് മത്സ്യബന്ധനം നടത്തുന്നത്. പിടിക്കുന്ന മത്സ്യം തൊഴിലാളികൾ തന്നെ നേരിട്ട് വിൽക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾക്ക് ഐസ് ഇടാത്ത പച്ച മത്സ്യം ന്യായവിലയ്ക്ക് ലഭിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള വില്പനയ്ക്ക് തുടക്കം കുറിച്ചത് നാലഞ്ചു വർഷം മുമ്പ് പുറക്കാട് പഞ്ചായത്തിലെ ദേശീയപാതയോരത്തായിരുന്നു. ഇതിപ്പോൾ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

ദേശീയപാതയോരത്ത് തൊഴിലാളികൾ വലകുടഞ്ഞ് നടത്തുന്ന മീൻ വില്പന വാഹനങ്ങളിൽ കടന്നുപോകുന്നവർക്ക് കൗതുക കാഴ്ച കൂടിയാണ്. ഒരുകൂട്ടർ കുടയുമ്പോൾ ഒന്നോ രണ്ടോ പേർ വില്പനയ്ക്ക് നേതൃത്വം വഹിക്കും. ഒന്നിലധികം വള്ളക്കാർ ചേർന്ന് മലയോര ജില്ലകളിലെത്തി അവിടങ്ങളിലെ പാതയോരത്ത് മത്സ്യം വിൽക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. പൊന്ത് വള്ളത്തിൽ പിടിക്കുന്ന മത്സ്യങ്ങളാണ് ഇങ്ങനെ വിൽക്കുന്നതിൽ അധികവും. ചെമ്മീൻ, അയല, മത്തി, മണുങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് ലഭിക്കുന്നത്.

...............................................

# ചൂഷണ തീരം

കടപ്പുറത്ത് കമ്മീഷൻ ഏജന്റുമാരുടെ സഹായത്തോടെ വില്പനക്കാർ മത്സ്യം നല്ല വിലയ്ക്ക് ലേലം പിടിക്കും. വില അപ്പോൾ കൊടുക്കില്ല. മത്സ്യം വിറ്റശേഷം നഷ്ടത്തിന്റെ പേരിൽ ലേലത്തുകയിൽ നിശ്ചിത ശതമാനം ഇവർ കുറയ്ക്കും. ഇക്കാരണങ്ങളാലാണ് പിടിക്കുന്ന മത്സ്യം സ്വന്തമായി വിൽക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്.

......................................

@ വില (കിലോ)

# മത്തി- 280

# അയല- 160

# ചെമ്മീൻ- 200

# മണുങ്ങ്- 100

# കുറിച്ചി- 100

.......................................................

'കുറഞ്ഞ വിലയ്ക്ക് കടപ്പുറത്ത് നിന്ന് വാങ്ങുന്ന മത്സ്യം കൊള്ളലാഭത്തിൽ വിൽക്കുകയും ഉറപ്പിച്ച ലേലത്തുക തൊഴിലാളികൾക്ക് നൽകാതിരിക്കുന്നതുമാണ് പതിവ്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാതയോരത്ത് തൊഴിലാളികൾ നേരിട്ട് മത്സ്യം വിൽക്കുന്നത്'

(പത്രോസ് സെബാസ്റ്റ്യൻ, മത്സ്യത്തൊഴിലാളി, പുന്നപ്ര)