മാവേലിക്കര: ഡി.വൈ.എഫ്.ഐ നേതാവിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലേക്ക് കൊലചെയ്യപെട്ട ചിട്ടി ഉടമ നടത്തിയ നിക്ഷേപം പുറംലോകം അറിയാതിരിക്കാൻ പൊലീസിമായി ചേർന്ന് നടത്തിയ ഒത്തുകളിയാണ് ഉരുട്ടി കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ആഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് ബുദ്ധ ജംഗ്ഷന് പടിഞ്ഞാറ് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ യോഗത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ അദ്ധ്യക്ഷനായി. കൊലചെയ്യപെട്ട സൗമ്യയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നും ഭർത്താവ് സജീവിന് സർക്കാർ ജോലി നൽകണമെന്നും കൊലയാളി അജാസിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം നടത്തിയത്. തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പിക്ക് വിധേയമാക്കിയ കുടശനാട് രജനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ബിരുദധാരിയായ രജനിക്ക് സർക്കാർ ജോലി നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, എ.കെ.ദാമോദരൻ, മധു ചുനക്കര, എസ് ഗിരിജ, സുരേഷ് പൂവത്തുമഠം, അഡ്വ കെ.വി അരുൺ, വി.എസ്.രാജേഷ്, പ്രദീപ് കുറത്തിക്കാട്, സുധീർ ഖാൻ, നവാസ്, എസ്.രാജേഷ്, കെ.എം.ഹരികുമാർ, വിജയകുമാർ പരമേശ്വരത്ത് എന്നിവർ സംസാരിച്ചു.