photo

ചേർത്തല: നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പു പാത്രങ്ങളും നിധികുംഭവും കണ്ടെത്തിയതിനു പിന്നാലെ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആദ്യകാലം മുതലുള്ള ലൈബ്രറിയിലെ അമൂല്യ പുസ്തകങ്ങൾ ചിതലരിച്ച നിലയിൽ കാണപ്പെട്ടു.

120 വർഷം പഴക്കമുള്ള സ്കൂളിലെ പഴകിയ കെട്ടിടത്തിൽ പുസ്തകങ്ങൾ സുരിക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതും മാറി മാറി വന്ന സ്‌കൂൾ അധികൃതർ വേണ്ട രീതിയിൽ ഇവ ശ്രദ്ധിക്കാതിരുന്നതും മൂലമാണ് നശിച്ചത്. പ്രധാന അദ്ധ്യാപിക പി.ജമുനാ ദേവിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ചേർന്ന് ചിതലരിക്കാത്ത പുസ്തകങ്ങൾ ശേഖരിച്ചു. ഇതിൽ നിരവധി പുസ്തകങ്ങളുടെ പുറംചട്ടയും ചില പേജുകളും നശിച്ചു പോയിട്ടുണ്ട്. ചിതലരിച്ചവയിൽ കൂടുതലും ആദ്യകാല എഴുത്തുകാരുടെ പുസ്തകങ്ങളാണ്. നഷ്ടപ്പെട്ട പുസ്തകങ്ങളിൽ വില രേഖപ്പെടുത്തിയിരിക്കുന്നത് ഒരണ, എട്ടണ എന്ന തരത്തിലാണ്. ആയിരത്തോളം വരുന്ന പുസ്തകങ്ങൾ വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ സ്കൂൾ ഓഫീസിന്റെ പുന്നിലെ വരാന്തയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ ബുക്ക് ബൈൻഡിംഗ് പരിശീലിപ്പിച്ച ശേഷം പുറംചട്ട പോയിട്ടുള്ള പുസ്തകങ്ങൾ പുതിയ രൂപത്തിലാക്കുമെന്നും ഇനിയുള്ള പുസ്തകങ്ങൾ ചിട്ടയോടെ സൂക്ഷിക്കുന്നതിന് ലൈബ്രേറിയന്റെ സഹായം തേടുമെന്നും പി.ജമുനാദേവിയും പി.ടി.എ പ്രസിഡന്റ് എസ്.അജയകുമാറും പറഞ്ഞു.