തുറവൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പീഡന രംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വീട്ടമ്മയടക്കം രണ്ട് പേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സതീഷ് ഭവനിൽ ഹരികൃഷ്ണൻ (24), എഴുപുന്ന പഞ്ചായത്ത് 11-ാം വാർഡ് എരമല്ലൂർ പടിഞ്ഞാറെ കണ്ണുകുളങ്ങര വീട്ടിൽ ലത (46) എന്നിവരെയാണ് അരൂർ എസ്.ഐ കെ.എൻ. മനോജും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത ചേർത്തല സ്വദേശിനിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിലാണ് പോക്സോ നിയമപ്രകാരം അറസ്റ്റ്.
പെയിന്റിംഗ് തൊഴിലാളിയായ ഹരികൃഷ്ണൻ പെൺകുട്ടിയെ ലതയുടെ എരമല്ലൂരിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും രംഗങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നീട് ഈ ഫോട്ടോയും വീഡിയോയും കാട്ടി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. ഒടുവിൽ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ചേർത്തല പൊലീസിൽ നൽകിയ പരാതി കൂടുതൽ അന്വേഷണങ്ങൾക്കും നടപടികൾക്കുമായി അരൂർ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.