മാന്നാർ: മാന്നാറിലെ റോഡുകൾ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലായി.കുറ്റിമുക്ക്-മിൽമ റോഡ്, തൃക്കുരട്ടി അമ്പലം-തെക്കേനട റോഡ്, പോസ്റ്റോഫീസ്-പൊലീസ് സ്റ്റേഷൻ - തൃക്കുരട്ടി അമ്പലം കിഴക്കേനട റോഡ്, കെ.എസ്.ഇ.ബി വഴിയമ്പലം റോഡ്, പാലക്കീഴിൽ പടി - തോട്ടു മുഖം കടവ് റോഡ് എന്നീ റോഡുകളാണ് തകർന്ന് തരിപ്പണമായിരിക്കുന്നത്. തുടർച്ചയായി മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. പിന്നീട് യാത്രക്കാർ നീന്തി പോകേണ്ട അവസ്ഥയാണ്. പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, കെ.എസ്.ഇ.ബി തൃക്കുരട്ടി അമ്പലം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകൾക്കാണ് ഈ ദുരവസ്ഥ. ഈ റോഡുകളിൽ മാലിന്യ നിക്ഷേപവും തകൃതിയായി നടക്കുകയാണ്. അതിനാൽ ഈ റോഡിൽ കൂടി മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
റോഡുകൾ നന്നാക്കുന്നതിനുള്ള നടപടിയായി
മാന്നാറിലെ തകർന്ന റോഡുകൾ ടാറിംഗ് ചെയ്യുന്നതിനുള്ള നടപടിയായി.കുരട്ടി അമ്പലത്തിന് തെക്കോട്ട് പൈനംമൂട് ജംഗ്ഷൻവരെയും കുറ്റിയിൽ മുക്ക് മിൽമ റോഡ് എന്നീ റോഡുകൾ ടാർ ചെയ്യുന്നതിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തീകരിക്കും.
പ്രമോദ് കണ്ണാടിശേരി, പഞ്ചായത്ത് പ്രസിഡന്റ്
റോഡ് നിർമിക്കാൻ നിവേദനം
മാന്നാറിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനായി വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന് കെ. കരിം നിവേദനം നല്കി.
മാന്നാറിലെ പല റോഡുകളും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിൽ ആയിരിക്കുകയാണ്. ജനങ്ങൾ കൂടുതൽ സഞ്ചരിക്കുന്ന റോഡുകൾ ടാറിംഗ് നടത്തി ശരിയാക്കുന്നതിനേക്കാൾ ജനസഞ്ചാരം കുറഞ്ഞ ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനാണ് പഞ്ചായത്തിന് താല്പര്യം. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടായ രണ്ടരക്കോടി രൂപ മാന്നാറിന് അനുവദിച്ചു.