ആലപ്പുഴ: ആകാശത്തേക്ക് ഒരു കൂറ്റൻ പട്ടം പറന്നുയരുന്നു. സാഹസിക പറക്കലിനുള്ള പവർ കൈറ്റ്. പറന്നുയരുമ്പോൾ പട്ടത്തിന്റെ ചരട് ഭൂമിയിലെ സ്റ്റാൻഡിൽ ഉറപ്പിച്ച ഷാഫ്‌റ്റിൽ നിന്ന് അതിവേഗം ചുരുളഴിയുന്നു. അപ്പോൾ ഷാഫ്റ്റുമായി ഘടിപ്പിച്ച ജനറേറ്റർ കറങ്ങി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ആ വൈദ്യുതി ബാറ്ററിയിൽ സ്റ്റോർ ചെയ്യുന്നു.
കാറ്റിന്റെ ശക്തി പവർകൈറ്റിൽപ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ
വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സങ്കേതികവിദ്യയാണിത്. മാവേലിക്കര ചെറുകോൽ തഴവേലിൽ ഹൗസിൽ സോബിൻ സാബു തങ്കച്ചൻ എന്ന യുവ എൻജിനീയർ ഇതിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചു. 200 വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. വിദേശങ്ങളിൽ നിലവിലുള്ള ഈ വിദ്യ കേരളത്തിൽ ആദ്യമാണ് പരീക്ഷിക്കുന്നത്. 35,000 രൂപയാണ് ചെലവായത്.
പാലാ സെൻറ് ജോസഫ് എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയശേഷം ഇന്റർ നാഷണൽ സെന്റർ ഫോർ ടെക്നോളജിക്കൽ ഇന്നവേഷൻസിൽ റിസർച്ച് അസോസിയേറ്റാണ് സോബിൻ. കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അന്തരീക്ഷത്തിൽ സ്ഥാപിക്കാവുന്ന ഉപാധികളെ (എയർബോൺ വിൻഡ് എനർജി സിസ്റ്റംസ് ) പറ്റിയാണ് ഗവേഷണം.
പരീക്ഷണം
നാല് സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാണ് സോബിൻ പരീക്ഷണം നടത്തിയത്.
ചൈനയിൽ നിന്ന് ഓൺലൈനിൽ
പട്ടം വരുത്തി. വില 2000 രൂപ. ജനറേറ്ററിന് 5,000രൂപയായി. മോട്ടോറിന് 2,000 രൂപയും.
വെൽഡ് ചെയ്തുണ്ടാക്കിയ സ്റ്റാൻഡിൽ മോട്ടോർ ഘടിപ്പിച്ചു. ജനറേറ്ററായും ഉപയോഗിക്കാവുന്ന പെർമനന്റ് മാഗ്നറ്റ് മോട്ടോറാണ്
പരീക്ഷണത്തിന് ഉപയോഗിച്ചത്. പട്ടത്തിൻെറ ചരട് മോട്ടോറിന്റെ ഷാഫ്‌റ്റിൽ ബന്ധിച്ചു. കാറ്റ് സമൃദ്ധമായ വാഗമണിലും രാമക്കൽമേട്ടിലും വിജയകരമായി പരീക്ഷിച്ചു.
സാങ്കേതിക വിദ്യ
കേബിൾ പൂർണമായും ചുറ്റഴിയുമ്പോൾ സ്റ്റാൻഡിൽ രണ്ട് ചരടുകൾ ഘടിപ്പിച്ച പെഡൽ ചവിട്ടി പട്ടത്തെ കാറ്റ് പിടിക്കാത്ത വിധം മടക്കും. അതോടെ പട്ടം താഴേക്ക് വരും. ബാറ്ററിയിലെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ കറക്കി കേബിൾ ചുറ്റി പട്ടത്തെ വലിച്ചെടുക്കും. പട്ടം ഭൂമിയിൽ പതിക്കുന്നതിന് മുൻപ് പെഡൽ റിലീസ് ചെയ്‌ത് പട്ടം നിവർത്തും. കാറ്റ് പിടിച്ച് പട്ടം വീണ്ടും ഉയരുമ്പോൾ ജനറേറ്റർ കറങ്ങി വൈദ്യുതി ഉത്പാദിപ്പിക്കും. ഈ പ്രക്രിയ ആവർത്തിക്കുന്നു.
പട്ടത്തെ മടക്കി വലിച്ചെടുത്ത് വീണ്ടും റിലീസ് ചെയ്യുന്ന വിദ്യ ആട്ടോമാറ്റിക് ആക്കാനുള്ള ഗവേഷണത്തിലാണ് സോബിൻ. ഇതിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് ( 1000 വാട്ട് ) ശേഷിയുള്ള ആട്ടോമാറ്റിക് യൂണിറ്റ് നിർമ്മിക്കാനാണ് ഗ്രാന്റ് ലഭിച്ചിട്ടുള്ളത്.
കാറ്റാടി യന്ത്രത്തേക്കാൾ മികവുകൾ
കാറ്റാടി യന്ത്രത്തിന് 150 മീറ്ററാണ് ഉയരം
പവർകൈറ്റ്1500 മീറ്റർ ഉയരത്തിൽ വരെ പറത്താം
ഉയരം കൂടുന്തോറും കാറ്റിന്റെ വേഗത കൂടും
പവർകൈറ്റിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാം
കാറ്റാടി യന്ത്രത്തിന്റെ ചെലവ് 3 കോടി
പവർകൈറ്റിന് നിർമ്മാണച്ചെലവ് വളരെ കുറവ്
കടലിൽ നങ്കൂരമിട്ട പ്ലാറ്റ്ഫോമിൽ പവർകൈറ്റ് യൂണിറ്റുകൾ സ്ഥാപിക്കാം