# ഹൗസ്ബോട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിന് താഴുവീണു

ആലപ്പുഴ: ഹൗസ്ബോട്ടുകളിലെ മാലിന്യം സംസ്കരിക്കാൻ വേമ്പനാട്ടു കായലിലെ എച്ച് ബ്ളോക്കിൽ നിർമ്മിച്ച പ്ളാന്റിൽ ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി) മലിനീകരണ നിയന്ത്രണ ബോർഡും തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്ളാന്റ് പ്രവർത്തനം തത്കാലത്തേക്കു നിലച്ചു. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്ളാന്റിൽ നടപ്പാക്കുന്നില്ലെന്ന്, സ്ഥലം സന്ദർശിച്ച ബോർഡ് ചെയർമാൻ അജിത് ഹരിദാസ് ടൂറിസം വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഏഴു ദിവസം മുമ്പാണ് പ്ളാന്റ് പൂട്ടിയത്. ഇതോടെ ഹൗസ്ബോട്ട് മാലിന്യങ്ങൾ കായലിൽ തള്ളുന്ന പ്രവണത വർദ്ധിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആവശ്യപ്രകാരം 2013ൽ ടൂറിസം വകുപ്പാണ് 64 ലക്ഷം രൂപ ചെലവഴിച്ച് പ്ളാന്റ് നിർമ്മിച്ചത്. സ്ഥലം വാങ്ങി നൽകിയത് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രമാണ് സംസ്കരണ പ്ളാൻറിൽ സ്ഥാപിച്ചത്. വൈദ്യുതി നിലച്ചാൽ പ്ളാന്റ് നോക്കുകുത്തിയാവും. ജനറേറ്റർ വാങ്ങുന്നതിൽ ഡി.ടി.പി.സി താല്പര്യം കാണിച്ചതുമില്ല. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്ളാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ മൂന്ന് വർഷമായി 15 തവണ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഡി.ടി.പി.സിക്ക് നോട്ടീസ് നൽകുന്നുണ്ട്. എന്നാൽ ഡി.ടി.പി.സി ഇത് ഗൗരവത്തിലെടുത്തില്ല. രണ്ട് മാസം മുമ്പാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് സ്ഥലം സർന്ദർശിച്ചതും ടൂറിസം വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ഹൗസ്ബോട്ടുകൾക്ക് ലഭിക്കാൻ പ്ളാന്റിൽ മാലിന്യ സംസ്കരണം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് സംസ്കരണ ശാലയിൽ നിന്നു ലഭിക്കണം.

കഴിഞ്ഞ 28നാണ് പ്ളാന്റിന് താഴ് വീണത്. പ്രവർത്തന രഹിതമായതോടെ ഹൗസ്ബോട്ടുകാർ മാലിന്യങ്ങൾ കായലിൽ തള്ളാൻ തുടങ്ങിയത് തലവേദനയായിട്ടുണ്ട്.

................................

# 1500: ജില്ലയിലെ ഹൗസ്ബോട്ടുകളുടെ എണ്ണം

# 700: മാനദണ്ഡം പാലിക്കാതെ സർവീസ് നടത്തുന്നവ

# 300: പ്ളാന്റിൽ മാലിന്യം സംസ്കരിക്കുന്ന ബോട്ടുകൾ

# 800: സ്വന്തമായി സംസ്കരണ പ്ളാന്റുള്ള ബോട്ടുകൾ

................................................

# പരിശോധനയില്ല

നാല് കിടക്കയുള്ള ഹൗസ് ബോട്ടിൽ 1000 ലിറ്ററിൻെറ ടാങ്കാണ് സ്ഥാപിക്കുന്നത്. 10 കിടക്കയുള്ള ഹൗസ് ബോട്ടുകളിലെ ടാങ്കിനും ഇതേ വലിപ്പമേയുള്ളൂ. ബോട്ടിൽ പരിശോധന നടത്താൻ തുറമുഖ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് അധികാരം. എന്നാൽ പരിശോധന കൃത്യമായി നടക്കുന്നില്ല.

.............................................

'എച്ച് ബ്ളോക്കിലെ പ്ളാന്റ് പൂട്ടാൻ കത്ത് നൽകിയില്ല. ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 16 തവണ പരിശോധനയ്ക്ക് എത്തിയെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നു. 20 കോടിയുടെ ശുചീകരണ പ്ളാന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കേന്ദ്രം 70 ശതമാനവും സംസ്ഥാനം 20 ഉം പ്രാദേശിക ഭരണകൂടം 2 ശതമാനവും തുക ചെവഴിക്കേണ്ടിവരും'

(ബിജു ബാലകൃഷ്ണൻ, ജില്ലാ എൻവയോൺമെന്റ് എൻജിനിയർ, മലിനീകരണ നിയന്ത്രണ ബോർഡ്)

.......................................

'പ്ളാന്റ് പൂട്ടുന്നതിന് മുമ്പ് ബദൽ സംവിധാനം ഏർപ്പെടുത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് സമയം നൽകിയില്ല. നിലവിലെ സാഹചര്യങ്ങൾ ടൂറിസം മേഖലയെ ബാധിക്കും'

(എം. മാലിൻ, സെക്രട്ടറി, ഡി.ടി.പി.സി)

.........................................................

'ഡി.ടി.പി.സിയും മലിനീകരണ നിയന്ത്രണ ബോർഡും പരസ്പരം പഴിചാരി പ്ളാന്റ് പൂട്ടിയതിനെ ന്യായീകരിക്കുന്നത് ശരിയല്ല. സ്വകാര്യമേഖലയിലെ സംസ്കരണ പ്ളാന്റ് ആലപ്പുഴയിൽ ഇല്ല. ടൂറിസം വകുപ്പ് ഇടപെട്ട് പ്ളാന്റ് പ്രവർത്തന സജ്ജമാക്കണം'

(ആർ.ആർ. ജോഷിലാൽ, മുൻ പ്രസിഡന്റ്, കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ)