tourism

 വയ്യാങ്കരച്ചിറ മെഗാ ടൂറിസം പദ്ധതി പാതിവഴിയിൽ കിതയ്ക്കുന്നു

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ലേക്ക് വ്യൂ പാലം, ശൗചാലയം, പവർ ഹൗസ്, വിശ്രമ ബഞ്ചുകൾ, പ്രവേശകവാട മണ്ഡപം, കുട്ടികളുടെ പാർക്ക് എന്നിവ തിരിഞ്ഞു നോക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നു. ആദ്യഘട്ട നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതിനാൽ രണ്ടാം ഘട്ടമായി കേന്ദ്രത്തിൽ നിന്നു ലഭിക്കുമായിരുന്ന തുക നഷ്ടമാവുകയും ചെയ്തു. ഇതോടെ പൂന്തോട്ട നിർമ്മാണം, ബോട്ടിംഗ് സൗകര്യങ്ങൾ, കുട്ടികളുടെ വിനോദ പാർക്ക്, കളിസ്ഥലം, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ നിർമ്മാണം നിലച്ചു.

2014ൽ ആയിരുന്നു പദ്ധതിയുടെ തുടക്കം. ചിറയുടെ പ്രവേശകവാടത്തിന് ഇരുവശങ്ങളിലായി 400 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. ഇവിടങ്ങളിൽ സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കഴിയുന്നില്ല. പ്രവേശ കവാടത്തിന്റെ വീതി കൂട്ടി വഴി നിർമ്മിക്കാനുള്ള ശ്രമവും സ്വകാര്യ വ്യക്തികളുടെ താല്പര്യത്തിനനുസരിച്ച് മുടങ്ങിയ അവസ്ഥയാണ്.

പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വയ്യാങ്കരച്ചിറ. ആലപ്പുഴ-കൊല്ലം ജില്ലകൾ തമ്മിൽ അതിർത്തി പങ്കുവെയ്ക്കുന്ന പ്രദേശം കൂടിയാണിവിടം. ടൂറിസം പദ്ധതി നടപ്പായാൽ നൂറുകണക്കിനു ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. അതിവിശാലമായ വയ്യാങ്കരച്ചിറയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് ചത്തിയറ പുഞ്ചയിലെ കൃഷി. ഇവിടെ നിന്ന് ഒഴുകുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരെയുള്ള ഇരപ്പൻ പാറയിലെ പാറമടയ്ക്കുള്ളിൽ തട്ടി താഴെക്ക് പതിക്കുന്ന കാഴ്ചകാണാൻ വിനോദ സഞ്ചാരികൾ എത്താറുണ്ട്.

...............................................

 മഴക്കാല സൗന്ദര്യം

മഴക്കാലത്തെ അതിമനോഹര കാഴ്ചയാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം. വയ്യാങ്കരച്ചിറയും ഇരപ്പൻപാറ വെള്ളച്ചാട്ടവും കോർത്തിണക്കി ടൂറിസം മേഖലയിൽ പ്രചാരണം നൽകിയാൽ ആയിരക്കണക്കിനു സ്വദേശികളേയും വിദേശികളെയും ആകർഷിക്കാനാവും.

..................................................

2.60 കോടി: ആദ്യഘട്ടം പദ്ധതിക്കു ലഭിച്ച കേന്ദ്രഫണ്ട്

2.40 കോടി: രണ്ടാംഘട്ടം നഷ്ടപ്പെടുത്തിയ ഫണ്ട്

110 ഏക്കർ: വയ്യാങ്കരച്ചിറ ടൂറിസം മേഖലയുടെ വിസ്തൃതി

.........................................

'മറ്റു ജില്ലകളിലേക്ക് സഞ്ചാരികളായി പോകുന്നവരെ ആകർഷിക്കാൻ തക്ക സൗന്ദര്യവും സൗകര്യങ്ങളും വയ്യാങ്കര ചിറയ്ക്കുണ്ട്. സർക്കാരും ടൂറിസം വകുപ്പും ആർജവം കാട്ടിയാൽ കേന്ദ്ര, സംസ്ഥാന സഹകരണത്തോടെ വയ്യാങ്കര മെഗാ ടൂറിസം പദ്ധതി വൻ വിജയമാക്കാൻ സാധിക്കും'

(ടൂറിസം സംരംഭകർ)