accident

ചേർത്തല : സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് പരിക്കേ​റ്റു. .മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാംവാർഡിൽ ചേന്നവേലി കളപ്പുരയ്ക്കൽ പരേതനായ ചെറിയാച്ചന്റെ മകൻ ജോസ്(31)ആണ് മരിച്ചത്. പരിക്കേറ്റ ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ മായിത്തറ പുത്തൻപറമ്പിൽ സുരേന്ദ്രന്റെ മകൻ സുമേഷിനെ (33) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല കാവ്യ പ്രസിലെ ജീവനക്കാരാണ് ഇരുവരും.

നഗരത്തിൽ പടയണിപ്പാലത്തിന് സമീപം ഇന്നലെ രാവിലെ 8.45ഓടെയായിരുന്നു അപകടം. അർത്തുങ്കൽ അറവുകാട് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പുറപ്പെട്ട സുമേഷിനൊപ്പം ജോസും കയറുകയായിരുന്നു.സുമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്.പടയണിപ്പാലം ജംഗ്ഷൻ കടക്കവേ വടക്കുനിന്ന് സ്റ്റാൻഡിലേക്ക് അമിത വേഗതയിലെത്തിയ ബസ് ബൈക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേയ്ക്ക് തെറിച്ച് വീണു.ബൈക്ക് ബസിനടിയിൽപ്പെട്ടു. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. സുമേഷിന്റെ ഇടതു ഭാഗത്തെ വാരിയെല്ലുകൾക്ക് ക്ഷതമേറ്റു.ജോസിന്റെ സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചേന്നവേലി പെരുന്നേർമംഗലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.അമ്മ: മേരി.സഹോദരങ്ങൾ:ജീന,ബീന, ഡയൻ(കായികാദ്ധ്യാപകൻ, എസ്.എൻ.പുരം വി.എൻ.എസ്.എസ് എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ,കണിച്ചുകുളങ്ങര).